ഉപതെരഞ്ഞെടുപ്പ്‌: കൊച്ചിയിൽ രണ്ടിടത്ത്‌ ഇന്ന്‌ വോട്ടെടുപ്പ്‌

ഗാന്ധിനഗർ ഉപതെരഞ്ഞെടുപ്പിനായി മാതാ നഗർ പബ്ലിക് സ്കൂളിൽ 
ബൂത്ത് ഒരുക്കുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ


കൊച്ചി> ജില്ലയിൽ രണ്ടു തദ്ദേശസ്ഥാപനങ്ങളിലായി ഒഴിവുള്ള രണ്ടു ഡിവിഷനിലേക്ക്‌ ഉപതെരഞ്ഞെടുപ്പ്‌ ചൊവ്വാഴ്ച നടക്കും. കൊച്ചി നഗരസഭ 63–-ാം ഡിവിഷൻ ഗാന്ധിനഗറിലും പിറവം നഗരസഭ 14–-ാം ഡിവിഷൻ ഇടപ്പിള്ളിച്ചിറയിലുമാണ്‌ വോട്ടെടുപ്പ്‌. ഗാന്ധിനഗർ ഡിവിഷൻ കൗൺസിലർ കെ കെ ശിവൻ അന്തരിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലാണ്‌ തെരഞ്ഞെടുപ്പ്‌. കെ കെ ശിവന്റെ ഭാര്യയും മുൻ പഞ്ചായത്ത്‌ പ്രസിഡന്റുമായ ബിന്ദു ശിവനാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. പി ഡി മാർട്ടിനാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി. ബിജെപിക്കായി പി ജി മനോജ്‌കുമാർ മത്സരരംഗത്തുണ്ട്‌. 8032 വോട്ടർമാരാണ്‌ ഡിവിഷനിലുള്ളത്‌. കെ കെ ശിവൻ തുടങ്ങിവച്ച വികസനപ്രവർത്തനങ്ങളുടെ തുടർച്ച തേടിയാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി വോട്ട്‌ അഭ്യർഥിക്കുന്നത്‌. കോർപറേഷനിലെ എൽഡിഎഫ്‌ ഭരണമികവും എൽഡിഎഫ്‌ സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളുമെല്ലാം സജീവചർച്ചയാണ്‌. കടവന്ത്ര കേന്ദ്രീയവിദ്യാലയത്തിലും മാതാനഗർ ഇംഗ്ലീഷ് മീഡിയം സ്കൂളിലുമാണ്‌ പോളിങ്‌ സ്റ്റേഷൻ. പിറവത്ത്‌ എൽഡിഎഫ്‌ സ്വതന്ത്ര കൗൺസിലർ ജോർജ് നാരേക്കാടൻ അന്തരിച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. എൽഡിഎഫ്‌ സ്ഥാനാർഥിയായി മുൻ കൗൺസിലർ ഡോ. അജേഷ് മനോഹറും യുഡിഎഫിനായി അരുൺ കല്ലറക്കലും ബിജെപിക്കായി പി സി വിനോദുമാണ്‌ മത്സരിക്കുന്നത്‌. 1185 വോട്ടർമാരുണ്ട്‌. ഇടപ്പിള്ളിച്ചിറ സിഎംഎസ് എൽപി സ്കൂളിലാണ്‌ പോളിങ്‌ സ്റ്റേഷൻ. കുമരകം–-നെടുമ്പാശേരി ഹൈവേ, പിറവം ഗവ. താലൂക്കാശുപത്രി വികസനം, ഹൈടെക് സ്കൂളുകൾ തുടങ്ങിയ പദ്ധതികളും നഗരസഭയുടെ വികസനപ്രവർത്തനങ്ങളും സംസ്ഥാന സർക്കാരിന്റെ ഭരണത്തുടർച്ചയുമെല്ലാം വോട്ടെടുപ്പിനെ സ്വാധീനിക്കും. വ്യാഴാഴ്ചയാണ്‌ വോട്ടെണ്ണൽ. Read on deshabhimani.com

Related News