സ്വകാര്യമേഖലയിൽ 5 ജി ; 4 ജി പോലും ഇല്ലാതെ 
ബിഎസ്‌എൻഎൽ ; സ്വകാര്യ കമ്പനികളെ സഹായിക്കുന്ന കേന്ദ്രനയങ്ങൾ ഭീഷണി



കൊച്ചി സ്വകാര്യ ടെലികോം കമ്പനികൾ 5ജിയിലേക്ക്‌ ചുവടുവച്ചപ്പോള്‍, 22–-ാം വാർഷികവേളയിലും 4ജിയിലേക്ക്‌ എത്താനാകാതെ കിതച്ച്‌ ബിഎസ്‌എൻഎൽ. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ 4ജി ഉദ്‌ഘാടനംചെയ്യുമെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനവും പാഴ്‌വാക്കായി. ഡിസംബറോടെ രാജ്യവ്യാപകമാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അടിസ്ഥാന അനുമതിപോലുമായിട്ടില്ല.  വിദേശകമ്പനികളുടെ 4ജി ഉപകരണങ്ങൾ വാങ്ങാനും അനുവാദമില്ല.  2021 ഡിസംബർ 31നുമുമ്പ് 4ജി നടപ്പാക്കാൻവേണ്ട "പ്രൂഫ് ഓഫ് കൺസെപ്റ്റ്', ടാറ്റ ടെലി സർവീസ്‌ കേന്ദ്രസർക്കാരിന് നൽകേണ്ടതായിരുന്നു. 6000 4ജി സൈറ്റുകൾ വാങ്ങാനുള്ള പർച്ചേസ്‌ ഓർഡറും ടിസിഎസ്‌ സ്വീകരിച്ചിട്ടില്ല. രണ്ടുവർഷംമുമ്പ് 49,300 ടവറുകൾ ബിഎസ്എൻഎല്ലിന് 4ജിയിലേക്ക് ഉയർത്താമായിരുന്നു. അന്നതിന്‌ കഴിഞ്ഞിരുന്നെങ്കില്‍ നിലവിലെ സാമ്പത്തികപ്രതിസന്ധി ഒഴിവാക്കാമായിരുന്നു. നഷ്ടം നികത്താനുള്ള വഴി സ്വകാര്യ കമ്പനികൾ  നഷ്ടം നികത്താനുള്ള എളുപ്പവഴിയായി 5ജിയെ കാണുന്നു. ഗൂഗിൾ, സിസ്കോ, എറിക്സൺ കമ്പനികൾ 5ജി വാങ്ങാനും തയ്യാറാണ്‌. ഒമ്പത് ഫ്രീക്വൻസി ബ്രാൻഡിലായി 4.3 ലക്ഷം കോടി രൂപയുടെ സ്പെക്ട്രമാണ് വിൽക്കുന്നത്‌. 25 നഗരങ്ങളിൽ ഉടൻ  5ജി ആരംഭിക്കുമെന്നാണ് ടെലികോംമന്ത്രി പറഞ്ഞത്. 1000 പട്ടണങ്ങളിൽ സേവനം ആരംഭിക്കുമെന്ന്‌ റിലയൻസ് ജിയോയും പ്രഖ്യാപിച്ചു. ആർട്ടിഫിഷ്യൽ ഇന്റലി​ജൻസ്‌ നെറ്റ്‌വർക്ക്‌, മെഷീൻ ടു മെഷീൻ ടെക്നോളജി, ഇന്റർനെറ്റ് ഓഫ് തിങ്‌സ്‌ എന്നിവ 5ജിയിലൂടെ സാധ്യമാകും. ഇവിടെയാണ് ബിഎസ്എൻഎൽ കളത്തിന് പുറത്താകുന്നത്. അടിസ്ഥാനസൗകര്യത്തിൽ മുന്നിൽ 5ജിയുടെ പശ്ചാത്തലവികസനത്തിനുവേണ്ട ഏഴുലക്ഷം കിലോമീറ്റർ ഒപ്ടിക്കൽ  ഫൈബർ കേബിളുകൾ വിന്യസിച്ച ഏക ടെലികോം കമ്പനിയാണ് ബിഎസ്എൻഎൽ. ഇതിൽ 2.86 ലക്ഷം കിലോമീറ്റർ കേബിളും 14,917 ടവറുകളും 35,000 കോടി രൂപയ്ക്ക്‌ പാട്ടത്തിന് കൊടുക്കാൻ കേന്ദ്രം തീരുമാനിച്ചു. ഈ ഘട്ടത്തിലാണ് സ്വകാര്യ കമ്പനികൾ 5ജി ആരംഭിക്കുന്നത്. ശക്തമായ പ്രതിഷേധം ഉയർന്നാലേ ബിഎസ്എൻഎല്ലിന്‌ 4ജിയെങ്കിലും സാധ്യമാകൂ. എന്നാൽ കേന്ദ്രനയങ്ങൾ ബിഎസ്എൻഎല്ലിന്‌ ഭീഷണിയാകുകയാണ്‌. Read on deshabhimani.com

Related News