മുഖ്യമന്ത്രി ഭൂപേഷ് ഭാഗെലിന്‌ നിവേദനം: ഛത്തീസ്‌ഗഢിലെ 
ക്രൈസ്തവവേട്ട തടയണം: ബൃന്ദ



ന്യൂഡൽഹി ഛത്തീസ്‌ഗഢിൽ ക്രൈസ്‌തവർക്കെതിരായ സംഘപരിവാർ ആക്രമണം തടണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ മുഖ്യമന്ത്രി ഭൂപേഷ്‌ ഭാഗെലിന്‌ നിവേദനം കൈമാറി. വടക്കൻ ബസ്‌തറിലെ കാങ്കെർ, കൊഡഗാവ്‌, നാരായൺപുർ ജില്ലകളിലാണ്‌ ക്രൈസ്‌തവ വിശ്വാസികൾ വ്യാപകമായി ആക്രമണങ്ങൾക്ക്‌ ഇരയാകുന്നതെന്ന്‌ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഇരകളെ നേരിൽക്കണ്ട്‌ ആശ്വസിപ്പിക്കുന്നതിനോ സംരക്ഷിക്കുന്നതിനോ മന്ത്രിമാരെയോ മുതിർന്ന നേതാക്കളെയോ സർക്കാർ ചുമതലപ്പെടുത്തിയില്ല എന്നത്‌ ഖേദകരമാണ്‌. ആക്രമണങ്ങളെ നിസ്സാരവൽക്കരിക്കാനാണ്‌ അധികൃതർ ശ്രമിക്കുന്നത്‌. നിരവധി വീടുകളും പള്ളികളും സ്വത്തുവകകളും നശിപ്പിച്ചിട്ടുണ്ട്‌. ആർക്കും  സർക്കാര്‍ നഷ്ടപരിഹാരം നല്‍കിയിട്ടില്ല. ആക്രമണം ഭയന്ന്‌ 1500 പേർ ഗ്രാമങ്ങളിൽനിന്ന്‌ പലായനം ചെയ്‌തു. നെറ്റിയിൽ തിലകം തൊട്ട്‌ മതം മാറിയതായി അറിയിച്ചാൽ ഗ്രാമങ്ങളിലേക്ക്‌ പ്രവേശനം അനുവദിക്കാമെന്നാണ്‌ സംഘപരിവാർ തീട്ടൂരം. ക്രൈസ്‌തവ വിശ്വാസികൾ ഈ ‘ഘർവാപസി’ക്ക്‌ തയ്യാറായിട്ടില്ല. രാംവന്ദ്‌ എന്ന ഗ്രാമത്തിൽ ക്രൈസ്‌തവരായ സ്‌ത്രീകളെ അർധനഗ്‌നരാക്കി ആൾക്കൂട്ടത്തിന്‌ മുന്നില്‍ പ്രദർശിപ്പിച്ചു. കുട്ടിൾക്ക്‌ സ്‌കൂളിൽ പോകാനാകുന്നില്ല. സ്‌ത്രീകൾക്കും കുട്ടികൾക്കും അടിയന്തര സഹായവും സംരക്ഷണവും സർക്കാർ ഉറപ്പാക്കണം. വനാവകാശ നിയമം നടപ്പാക്കണം. ഗ്രാമീണർ എതിർക്കുന്ന ഖനന പദ്ധതികൾ ഉപേക്ഷിക്കണം–- ബൃന്ദ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News