കൈക്കൂലിവാങ്ങുന്നതിനിടെ അടിമാലി പഞ്ചായത്തിലെ സീനിയർ ക്ലർക്ക് വിജിലന്‍സ് പിടിയിൽ



അടിമാലി> കൈക്കൂലി വാങ്ങുന്നതിനിടെ അടിമാലി പഞ്ചായത്തിലെ സീനിയർ ക്ലർക്ക് വിജിലൻസ് സംഘത്തിന്റെ പിടിയിലായി. അടിമാലി പഞ്ചായത്തിലെ അടൂർ പറക്കോട് സ്വദേശി മുണ്ടക്കൽ പുതിയവീട്ടിൽ മനോജ് എസ് നായരെയാണ് മുട്ടത്ത് നിന്നുള്ള വിജിലൻസ് സംഘം പിടികൂടിയത്. അടിമാലി പൊളിഞ്ഞപാലം സ്വദേശിനിയാണ് ഇയാൾക്കെതിരെ പരാതിനൽകിയത്.   തിങ്കളാഴ്ച ഉച്ചയ്‌ക്കുശേഷമായിരുന്നു സംഭവം. എറണാകുളത്ത് താമസമാക്കിയ പരാതിക്കാരി 2012ൽ പൊളിഞ്ഞപാലത്ത് ആറ് സെന്റ് സ്ഥലവും വീടും വാങ്ങി. ഈ വീടിന് അന്ന്  കെട്ടിട നമ്പർ നൽകിയിരുന്നു. സ്ഥലംവിൽക്കുന്നതിന് ശ്രമിച്ചപ്പോഴാണ് കംപ്യൂട്ടർ രേഖകളിൽ നമ്പറില്ലാത്തത് ശ്രദ്ധയിൽപ്പെട്ടത്. ഈ വീടിന് നമ്പർ നൽകുന്നതിന്‌ പഞ്ചായത്ത് ജീവനക്കാരൻ ഇരുപത്തയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ആദ്യം 2500 രൂപ ഇയാൾ കൈപ്പറ്റിയിരുന്നതായാണ് സൂചന. അടുത്തഘട്ടമായി 8000 രൂപ കൈപ്പറ്റുന്നതിനായി ജീവനക്കാരൻ അടിമാലി പഞ്ചായത്തിന് സമീപം പൊലീസ് സ്‌റ്റേഷന് എതിർവശമുള്ള എടിഎം കൗണ്ടറിന് സമീപമെത്തി. ഇവിടെ ജീവനക്കാരന് കൈമാറുന്നതിനായി പരാതിക്കാരിക്ക് വിജിലൻസ് സംഘം പണംനൽകിയിരുന്നു. വിജിലൻസ് ഡിവൈഎസ്‌പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ജീവനക്കാരനെ പിടിച്ചു, പണവും കണ്ടെടുത്തു. Read on deshabhimani.com

Related News