ബ്രഹ്‌മപുരം: എംപവേർഡ്‌ കമ്മിറ്റിക്ക്‌ വിശാല അധികാരം നൽകുമെന്ന് മന്ത്രി എം ബി രാജേഷ്‌



തിരുവനന്തപുരം> ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ രൂപീകരിച്ച എംപവേർഡ് കമ്മിറ്റിക്ക് വിശാലമായ അധികാരം നൽകുമെന്ന് മന്ത്രി എം ബി രാജേഷ്. ദുരന്ത നിവാരണ നിയമത്തിലെ 24 (എൽ) പ്രകാരമുള്ള അധികാരങ്ങളാണ്‌ നൽകിയിട്ടുള്ളതത്‌. ഇതനുസരിച്ച്, മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട പദ്ധതികൾ തയ്യാറാക്കാനും, കോർപറേഷൻ മുഖേന നടപ്പിലാക്കാൻ നിർദേശം നൽകാനും കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും. ഒപ്പപം മാലിന്യ സംസ്കരണത്തിനായുള്ള പ്രചാരണ ക്യാമ്പയിൻ സംഘടിപ്പിക്കാനുള്ള പദ്ധതി കോർപറേഷനോട് നിർദേശിക്കാനും കമ്മിറ്റിക്ക് കഴിയും. കമ്മിറ്റിയുടെ നിർദേശം ഏതെങ്കിലും കാരണവശാൽ കോർപറേഷൻ നടപ്പിലാക്കിയില്ലെങ്കിൽ പ്രവർത്തനം നേരിട്ട് ഏറ്റെടുത്ത് നടത്താനും കമ്മിറ്റിക്ക് അധികാരം നൽകി.  ഇതിനായി കോർപറേഷന്റെ വികസന ഫണ്ട് ഉൾപ്പെടെ വകയിരുത്താനുമാകും. മാലിന്യ സംസ്കരണ പദ്ധതി നിർദേശം‍ തയ്യാറാക്കി കോർപറേഷൻ കൗൺസിലിന് മുൻപാകെ എംപവേർഡ് കമ്മിറ്റിക്ക് സമർപ്പിക്കാം. നിർദേശം കൗൺസിൽ അംഗീകരിക്കാതിരിക്കുകയോ, നടപ്പാക്കാതിരിക്കുകയോ, തീരുമാനമെടുക്കാൻ വൈകുകയോ ചെയ്താൽ എംപവേർഡ് കമ്മിറ്റിക്ക് നേരിട്ട് അംഗീകാരം നൽകി പദ്ധതി നടപ്പാക്കാം. ആവശ്യമായ ഫണ്ട് കോർപറേഷനിൽനിന്ന്‌ ലഭ്യമാക്കാനാകും. ഫണ്ട് ഉപയോഗത്തിന് പിന്നീട് ജില്ലാ ആസൂത്രണ സമിതിക്ക് നൽകി സാധൂകരണം നൽകിയാൽ മതി. സുലേഖ സോഫ്റ്റ് വെയറിൽ ഇതിനുള്ള സൗകര്യം ഏർപ്പെടുത്തും. മാലിന്യ സംസ്കരണത്തിനായി സർക്കാർ നിർദേശിച്ച മാർഗനിർദേശ പ്രകാരമുള്ള നടപടികൾ കോർപറേഷൻ സ്വീകരിച്ചില്ലെങ്കിൽ, ആ നടപടി നേരിട്ട് സ്വീകരിക്കാനും കമ്മിറ്റിക്ക് അധികാരമുണ്ട്. മുഴുവൻ വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നത് സംബന്ധിച്ചും വീടുകളിലും സ്ഥാപനങ്ങളിലും ഉറവിടമാലിന്യ സംസ്കരണത്തിന് ഉപാധി ഏർപ്പെടുത്തുന്നതിനും പൊതുഇടങ്ങൾ മാലിന്യമുക്തമായി സൂക്ഷിക്കാനും  ജലാശയങ്ങൾ മലിനമാകാതെ കാത്തുരക്ഷിക്കാനുമുള്ള സർക്കാർ നിർദേശവും നിശ്ചിത സമയക്രമത്തിന് അനുസരിച്ച് നടപ്പിലാക്കാനും കമ്മിറ്റി ശ്രദ്ധിക്കും. കലക്ടർ അധ്യക്ഷനും ദുരന്ത നിവാരണ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ കൺവീനറുമായ എംപവേർഡ്‌ കമ്മിറ്റിയിൽ വിവിധ വിഭാഗത്തിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരായ 13 അംഗങ്ങളുമുണ്ട്‌. Read on deshabhimani.com

Related News