ബിപിസിഎൽ സ്വകാര്യവൽക്കരണം തുറമുഖത്തേയും ബാധിക്കും: എളമരം



തൃപ്പൂണിത്തുറ > രാജ്യതാൽപ്പര്യത്തിന്‌ എതിരായ സ്വകാര്യവൽക്കരണം തൊഴിൽനഷ്ടം ഉൾപ്പെടെ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക്‌ ഇടയാക്കുമെന്ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു.  കൊച്ചി തുറമുഖത്തിന്റെ പ്രധാന വരുമാനമാർഗങ്ങളിലൊന്ന്‌ ബിപിസിഎൽ കൊച്ചി റിഫൈനറിയാണ്‌. അതിനാൽ സ്വകാര്യവൽക്കരണം തുറമുഖത്തേയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.  കൊച്ചി റിഫൈനറി പൊതുമേഖലയിൽ സംരക്ഷിക്കാനുള്ള ജനകീയ പോരാട്ട പ്രഖ്യാപനസദസ്സ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവൽക്കരണത്തിന്റെ പാതയിലാണ്‌. ബിപിസിഎല്ലിൽ ഉൾപ്പെടെ ഇത്‌  താമസിക്കുന്നതിനു കാരണം തൊഴിലാളികളുടെ ചെറുത്തുനിൽപ്പാണ്‌. പ്രക്ഷോഭത്തിൽ ഏർപ്പെടുന്ന ജീവനക്കാർക്കും തൊഴിലാളികൾക്കുമെതിരെ  ബിപിസിഎൽ അധികൃതർ പ്രതികാരനടപടി സ്വീകരിക്കുന്നുണ്ട്‌. ഇത്‌ അവസാനിപ്പിക്കണം. വിശാഖപട്ടണം സ്‌റ്റീൽപ്ലാന്റ്‌ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചപ്പോൾ അവിടെയുള്ള ജനങ്ങൾ എതിർത്തു. എല്ലാ രാഷ്‌ട്രീയപാർടികളും പിന്തുണ നൽകി. ഇതുപോലെ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി സ്വകാര്യവൽക്കരണ നടപടിയെ ചെറുക്കണമെന്ന്‌ എളമരം കരീം പറഞ്ഞു. Read on deshabhimani.com

Related News