ആർഎസ‌്എസ‌് കാര്യവാഹക‌ിന്റെ വീട്ടിൽ സൂക്ഷിച്ച ബോംബ് പൊട്ടി; മകനടക്കം രണ്ടു കുട്ടികൾക്ക‌് ഗുരുതര പരിക്ക‌്



ആലക്കോട‌് (കണ്ണൂർ) >  ആർഎസ‌്എസ‌് നേതാവിന്റെ വീട്ടിൽ സൂക്ഷിച്ച ബോംബുകൾ പൊട്ടിത്തെറിച്ച‌് രണ്ടു കുട്ടികൾക്ക‌് ഗുരുതര പരിക്ക‌്. ആർഎസ‌്എസ‌് തളിപ്പറമ്പ‌് താലൂക്ക‌് കാര്യവാഹക‌് മുതിരമല ഷിബുവിന്റെ നടുവിൽ ആട്ടുകുളത്തെ വീട്ടിലാണ‌് സ‌്ഫോടനം. ഷിബുവിന്റെ മകൻ ഗോകുൽ(ഏഴ‌്), അയൽവാസി ശിവകുമാറിന്റെ മകൻ ഖജൻ രാജ‌്(12) എന്നിവർക്കാണ‌് പരിക്കേറ്റത‌്. ഗോകുൽ പരിയാരം മെഡിക്കൽ കോളേജ‌് ആശുപത്രിയിലും ഖജൻരാജ‌് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ‌്. പൊലീസും ബോംബുസ‌്ക്വാഡും നടത്തിയ തെരച്ചിലിൽ വീട്ടിൽനിന്ന‌് വടിവാളുകടക്കമുള്ള മാരകായുധങ്ങളും ബോംബ‌് നിർമാണ സാമഗ്രികളും കണ്ടെടുത്തു. വീടിന്റെ വശത്തെ ചായ‌്പിൽ വിറകുകൾക്കും മര ഉരുപ്പടികൾക്കുമിടയിൽ സൂക്ഷിച്ച നിലയിലായിരുന്നു രണ്ട‌് സ‌്റ്റീൽ ബോംബുകൾ. കുട്ടികൾ പക്ഷിക്കൂട‌് നിർമിക്കാനായി മരക്കഷണം വലിച്ചെടുത്തപ്പോൾ താഴെ വീണ ബോംബുകളിലൊന്ന‌് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടുപേർക്കും അരയ‌്ക്കു കീഴ‌്പോട്ടാണ‌് പരിക്ക‌്. ഷിബുവിന്റെ ഭാര്യ ധന്യ ഈ സമയം അടുക്കളയിലായിരുന്നു. അവരും സ‌്ഫോടനശബ്ദം കേട്ട‌് ഓടിയെത്തിയ അയൽവാസികളും ചേർന്നാണ‌് ചോരയിൽകുളിച്ചു പിടയുന്ന കുട്ടികളെ ആശുപത്രിയിലെത്തിച്ചത‌്. പകൽ രണ്ടേകാലോടെയാണ‌് സംഭവം. കുടിയാന്മല പൊലീസ‌് കേസെടെുത്ത‌് അന്വേഷണമാരംഭിച്ചു. തളിപ്പറമ്പ‌് ഡിവൈഎസ‌്പി എം കൃഷ‌്ണൻ, കുടിയാന്മല എസ‌്ഐ പി പ്രമോദ‌് എന്നിവരുടെ നേതൃത്വത്തിൽ നടന്ന റെയ‌്ഡിൽ  നാലുവടിവാൾ, ഒരു മഴു, രണ്ടു കിലോ അലൂമിനിയം ഫോസ‌്ഫേറ്റ‌്, ഗൺപൗഡർ എന്നിവയാണ‌് പിടിച്ചെടുത്തത‌്. പേപ്പറിൽപൊതിഞ്ഞ‌്  വീടിനുപിന്നിലെ മലപ്പലകയിൽ സൂക്ഷിച്ചനിലയിലായിരുന്നു. ഇവിടെ വച്ച‌് ബോംബുകൾ നിർമിച്ചതായും സംശയിക്കുന്നതായി പൊലീസ‌് പറഞ്ഞു. Read on deshabhimani.com

Related News