അവഗണന തുറന്നുകാട്ടിയതിൽ അരിശം ; കണക്കിലെ കള്ളക്കളികളുമായി ബിജെപിയും കേന്ദ്ര സർക്കാർ വക്താക്കളും



തിരുവനന്തപുരം കേന്ദ്ര അവഗണന ജനങ്ങൾക്ക്‌ ബോധ്യപ്പെട്ടതോടെ ജാള്യം മറയ്‌ക്കാൻ കണക്കിലെ കളികളുമായി ബിജെപിയും കേന്ദ്ര സർക്കാർ വക്താക്കളും. ചില മാധ്യമങ്ങളുടെ സഹായത്തോടെ വസ്തുതാവിരുദ്ധ കണക്കുകൾ പ്രചരിപ്പിച്ച്‌ രക്ഷപ്പെടാനാണ്‌ ശ്രമം.  റവന്യുകമ്മി നികത്താനുള്ള ധനസഹായം ഏറ്റവും കൂടുതൽ കേരളത്തിനാണെന്ന പ്രചാരണംതന്നെ തെറ്റിദ്ധരിപ്പിക്കുന്നതാണ്‌. വരുമാന വിഭജനത്തിനുശേഷം ധന കമീഷൻ ശുപാർശയനുസരിച്ച്‌ കേന്ദ്രം നൽകേണ്ട തുകയാണ്‌ ഗ്രാന്റ്‌. അതിനുള്ള മാനദണ്ഡം ജനസംഖ്യാനുപാതത്തിലും സാമൂഹ്യ വളർച്ചയുടെ അടിസ്ഥാനത്തിലും വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം ചെവിക്കൊണ്ടില്ല. സാക്ഷരതയോ പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങളോ ആവശ്യത്തിന്‌ ഇല്ലാത്തതടക്കം പിന്നോക്ക പ്രദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള സൂചികകളാണ്‌  മാനദണ്ഡം. ഇതുമൂലം കേരളം പല ധനസഹായങ്ങളിൽനിന്നും പുറത്താവുകയാണ്‌. 2021–-26 കാലത്തേക്ക്‌ മൂന്നുവർഷ ഗഡുവായി 37,814 കോടി രൂപയാണ്‌ നിശ്ചയിച്ചിട്ടുള്ളതെങ്കിലും 2024–-26 കാലയളവിൽ ഗ്രാന്റില്ല. ഈ വർഷത്തെ 4749 കോടിയാണ്‌ അവസാന ഗഡു. ബംഗാൾ, ഹിമാചൽ, ആന്ധ്ര സംസ്ഥാനങ്ങൾക്കും സമാന തുകയുണ്ട്‌. ജനസംഖ്യാടിസ്ഥാനത്തിൽ അനുപാതം നിശ്ചയിച്ചാൽ കേരളത്തിനുള്ള തുക ഇതിലും എത്രയോ വർധിക്കും. യുജിസി ശമ്പള കടിശ്ശികയും ഏകപക്ഷീയമായി കേന്ദ്ര സർക്കാർ വെട്ടിയതാണ്‌. 2019 ഏപ്രിലിലും 2020 ജൂണിലും 2022 മാർച്ചിലും 750.53 കോടി രൂപ കുടിശ്ശിക കിട്ടുന്നതിനായുള്ള നിർദേശം സംസ്ഥാനം വിശദമായി നൽകി. 2022 ഏപ്രിലിൽ ഓർമപ്പെടുത്തി കത്തയച്ചു. ധനമന്ത്രിയും ധനസെക്രട്ടറിയും കുടിശ്ശിക നൽകണമെന്ന്‌ അഭ്യർഥിച്ചു.  എന്നാൽ, കേരളമടക്കം 22 സംസ്ഥാനത്തിന്റെ നിർദേശങ്ങൾ തള്ളി  പദ്ധതിതന്നെ  നിർത്തലാക്കിയെന്ന്‌ 2022 ജൂലൈയിൽ കേന്ദ്ര സർക്കർ കത്തയച്ചു. ഡിസംബറിൽ മന്ത്രി ആർ ബിന്ദു നിയമസഭയിലും ഇതു സംബന്ധിച്ച്‌ വിശദമായ മറുപടി നൽകിയിരുന്നു.  പച്ചക്കള്ളമാണെന്ന്‌ അറിഞ്ഞുതന്നെയാണ്‌ കേന്ദ്ര ബിജെപി സർക്കാരിന്‌ കുഴലൂതാൻ പല മാധ്യമങ്ങളും വാർത്തകൾ പടച്ചുവിടുന്നത്‌. Read on deshabhimani.com

Related News