വയനാട്‌ ബിജെപി യോഗത്തിൽനിന്ന്‌ മുൻ പ്രസിഡന്റ് ഇറങ്ങിപ്പോയി; കെ സുരേന്ദ്രന്റെ തീരുമാനങ്ങളോട്‌ എതിർപ്പ്‌



കൽപ്പറ്റ > ജില്ലാ ഘടകത്തിന്റെ  ഭൂരിപക്ഷ   അഭിപ്രായം  തേടാതെയും മാനിക്കാതെയും  ബിജെപി  സംസ്ഥാന അധ്യക്ഷൻ  കെ സുരേന്ദ്രൻ ഏകപക്ഷീയമായി നിയോഗിച്ച പുതിയ ജില്ലാ അധ്യക്ഷൻ കെ പി മധുവിന്റെ സ്ഥാനാരോഹണ ചടങ്ങ്‌  ഭൂരിഭാഗം നേതാക്കളും ബഹിഷ്‌കരിച്ചു. സംസ്ഥാന നേതൃത്വത്തെയും പുതിയ പ്രസിഡന്റിനെയും കണക്കിന്‌ വിമർശിച്ച്‌  മുൻ ജില്ലാ പ്രസിഡന്റ്  സജിശങ്കർ  ചടങ്ങിൽനിന്ന്‌ ഇറങ്ങിപ്പോയതും ഔദ്യോഗിക പക്ഷത്തിന്‌ ക്ഷീണമായി. മാധ്യമങ്ങളുടെ സാന്നിധ്യത്തിലായിരുന്നു സജി ശങ്കറിന്റെ പരസ്യ വിമർശം.   കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് ടി പി സുബീഷ്‌,  മാനന്തവാടി മണ്ഡലം പ്രസിഡന്റ് കണ്ണൻ കണിയാരം, മഹിളാമോർച്ച അധ്യക്ഷ ലളിത വത്സൻ,   ജില്ലാ ട്രഷറർ ഗോപാലകൃഷ്‌ണൻ,   സെക്രട്ടറി പി എം അരവിന്ദൻ, വൈസ്‌ പ്രസിഡന്റ്‌ രാധാസുരേഷ്‌ ബാബു, ജില്ലാ സെൽ കോ ഓർഡിനേറ്റർ കെ കെ കൃഷ്‌ണൻകുട്ടി,    യുവമോർച്ച, എസ്‌ സി മോർച്ച തുടങ്ങിയവയുടെ നേതാക്കളും  പോഷകസംഘടനാ ഭാരവാഹികളും  ചടങ്ങ്‌ ബഹിഷ്‌കരിച്ചു.     വിമത വിഭാഗത്തെഅനുനയിപ്പിക്കാനുള്ള നീക്കങ്ങൾ പാളി.   ഇതോടെ  കെ പി മധുവിനെ പ്രസിഡന്റാക്കിയതിൽ പ്രതിഷേധിച്ച്‌ രാജിവച്ച ബത്തേരി മണ്ഡലം കമ്മറ്റിയിൽനിന്ന് ആരും പങ്കെടുത്തില്ല.  കെ സുരേന്ദ്രൻ  പുറത്താക്കിയ  മണ്ഡലം പ്രസിഡന്റ്  കെ ബി മദൽലാലിന്‌ പിന്തുണയുമായി  ബത്തേരിയിൽ വിമത യോഗം ചേർന്നു. അതേസമയം  മൂന്നരക്കോടി എത്തിച്ച സംഭവത്തിൽ  അന്വേഷണം നടക്കട്ടെയെന്ന് പുതിയ ജില്ലാ പ്രസിഡന്റ്‌ കെ പി മധു പ്രതികരിച്ചു. വിമതരോട്‌ ഇനി അനുനയശ്രമങ്ങളില്ലെന്നതിന്റെ സൂചനയും അദ്ദേഹം നൽകി.   Read on deshabhimani.com

Related News