തീരദേശ ജനതയുടെ പേരിലുള്ള ബിജെപി സമരം അപഹാസ്യം: മത്സ്യത്തൊഴിലാളി ഫെഡറേഷന്‍



ആലപ്പുഴ> തീരദേശ ജനതയുടെ പേരിൽ ബിജെപി നടത്തിയ സമരം അപഹാസ്യമാണെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്‌ജൻ. കോവിഡ് പാക്കേജിൽ 20 ലക്ഷം കോടി രൂപ പ്രഖ്യാപിച്ച കേന്ദ്രസർക്കാർ 20,000 കോടി മത്സ്യമേഖലയ്‌ക്ക്‌ ലഭിക്കുമെന്നാണ് പറഞ്ഞത്. ഈ ദുരിതകാലത്തും ഒരു ചില്ലിക്കാശുപോലും കേന്ദ്രസർക്കാർ നൽകിയിട്ടില്ല. തീര സംരക്ഷണത്തിന് കടൽഭിത്തി നിർമിക്കാൻ 2014 വരെ 80 ശതമാനം തുക കേന്ദ്രസർക്കാരാണ് നൽകിയത്. കഴിഞ്ഞ അഞ്ച് വർഷമായി ഇത് നൽകുന്നില്ല. മത്സ്യത്തൊഴിലാളികളുടെ ഭവനപദ്ധതിക്ക് കേന്ദ്ര വിഹിതമായി 40 ശതമാനം തുക മൂന്നുവർഷമായി കേരളത്തിൽ ലഭിച്ചിട്ടില്ല. സമ്പാദ്യ സമാശ്വാസത്തിന്റെ കേന്ദ്രവിഹിതം പോലും ക‌ൃത്യമായി തരുന്നില്ല. മണ്ണെണ്ണയുടെ വില നിരന്തരം വർധിപ്പിക്കുകയും അളവ് വെട്ടിക്കുറയ്‌ക്കുകയുംചെയ്‌തു.  കേരളത്തിലെ എൽഡിഎഫ് സർക്കാർ കോവിഡ് കാലത്ത് മത്സ്യത്തൊഴിലാളികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. 2000 രൂപയുടെ സാമ്പത്തിക സഹായം, സൗജന്യ റേഷൻ, പലവ്യഞ്‌ജന കിറ്റ് എന്നിവ നൽകി. മത്സ്യത്തൊഴിലാളി പെൻഷൻ തീർത്ത് കൊടുത്തു. ആറാട്ടുപുഴമുതൽ പള്ളിത്തോടുവരെ തീരപ്രദേശത്ത് സംരക്ഷണത്തിനായി 194 കോടി രൂപ അനുവദിച്ചു. പ്രവൃത്തി ടെൻഡർ ചെയ്‌ത്‌ ഈ മാസം നിർമാണം ആരംഭിക്കുന്നതിനാലാണ് ബിജെപി സമരത്തിന് പുറപ്പെട്ടതെന്നും ഇവർക്ക് തീരദേശത്തെക്കുറിച്ചും മത്സ്യത്തൊഴിലാളികളെക്കുറിച്ചും ഒരക്ഷരം മിണ്ടാൻ അവകാശമില്ലെന്നും ചിത്തരഞ്‌ജൻ പറഞ്ഞു. Read on deshabhimani.com

Related News