സ്ഥാനാർഥി നിർണയം : ആർഎസ്‌എസ്‌ ഇറക്കുമതിയിൽ ബിജെപിക്ക്‌ ആശങ്ക



തൃശൂർ സ്ഥാനാർഥി നിർണയത്തിലെ ആർഎസ്‌എസിന്റെ അമിതമായ ഇടപെടൽ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിൽ‌ ബിജെപി.  മുതിർന്ന നേതാക്കളെ നിർബന്ധിച്ച്‌ മത്സരിപ്പിച്ചും സാധാരണ പ്രവർത്തകരെ തഴഞ്ഞ്‌ കടുത്ത ആർഎസ്‌എസ്‌  പ്രചാരകർക്ക്‌  സീറ്റ്‌ നൽകിയുമാണ്‌ ബിജെപി തദ്ദേശ തെരഞ്ഞെടുപ്പിന്‌ ഇറങ്ങിയത്‌. ശോഭ സുരേന്ദ്രനും സംഘവും  ഉയർത്തിയ ഭീഷണി നിലനിൽക്കുമ്പോഴാണ്‌ സ്ഥാനാർഥി നിർണയത്തിലെ ആർഎസ്‌എസ്‌ ഇടപെടൽ കുഴപ്പത്തിലാക്കിയത്‌. തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങളെയും ഇത്‌ പ്രതികൂലമായി ബാധിക്കുന്നുണ്ട്‌. മുതിർന്ന നേതാക്കൾ മത്സരിക്കണമെന്നത്‌ ആർഎസ്‌എസിന്റെ കടുംപിടിത്തമായിരുന്നു. വി വി രാജേഷിനെ തിരുവനന്തപുരം കോർപറേഷനിലേക്കും സംസ്ഥാന വക്താവ്‌ ബി ഗോപാലകൃഷ്‌ണനെ തൃശൂർ കോർപറേഷനിലേക്കും മത്സരിപ്പിച്ചു. കോട്ടയം, തൃശൂർ, തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്കും സംസ്ഥാന നേതാക്കളെ ഇറക്കി.  ഇവർക്കാണെങ്കിൽ വിജയസാധ്യതയുമില്ല. ബിജെപി സംഘടനാ നേതൃത്വം വി മുരളീധരൻ–-സുരേന്ദ്രൻ പക്ഷം പിടിച്ചെടുക്കുമ്പോൾ സ്ഥാനാർഥി നിർണയത്തിൽ പിടിമുറുക്കുകയാണ്‌ ആർഎസ്‌എസ്‌ നേതൃത്വം‌. എന്നാൽ ഇത്‌  ആർഎസ്‌എസ്‌ കേരളഘടകം പിന്തുണയ്‌ക്കുന്ന ബിജെപിയിലെ കൃഷ്‌ണദാസ്‌ പക്ഷത്തെയാണ്‌ കൂടുതൽ അസ്വസ്ഥരാക്കുന്നത്‌. തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ മുരളീധരൻ–-സുരേന്ദ്രൻ പക്ഷത്തിന്റെ പരാജയമായി വിലയിരുത്തലുണ്ടാകുമായിരുന്നു. എന്നാൽ സ്ഥാനാർഥി നിർണയം ആർഎസ്‌എസ്‌ നടത്തിയതിനാൽ പരാജയത്തിന്റെ ഉത്തരവാദിത്തം അവർക്ക്‌‌ മേൽ കെട്ടിവയ്‌ക്കാമെന്നാണ്‌ മുരളീധര പക്ഷം ഇപ്പോൾ കരുതുന്നത്‌. Read on deshabhimani.com

Related News