പെട്രോൾ പമ്പിന്‌ അനുമതി വാഗ്‌ദാനം; ബിജെപി നേതാക്കൾ 6 ലക്ഷം രൂപ പറ്റിച്ചതായി പരാതി



പാലക്കാട്‌ > കൂറ്റനാട്‌ ടൗണിൽ പെട്രോൾ പമ്പിന്‌ അനുമതി സംഘടിപ്പിച്ചുതരാമെന്ന്‌ വിശ്വസിപ്പിച്ച്‌ ബിജെപി–- ആർഎസ്‌എസ്‌ നേതാക്കൾ ആറ്‌ ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചതായി പരാതി. കുമ്പിടി ഊരത്ത്‌ പള്ളിയാലിൽ ശ്രീവത്സത്തിൽ യു പി ശ്രീധരനാണ്‌ നേതാക്കൾക്കെതിരെ ജില്ലാ പൊലീസ്‌ മേധാവിക്ക്‌ പരാതി നൽകിയത്‌. മലപ്പുറം തവനൂർ ബിജെപി മണ്ഡലം കമ്മിറ്റിയംഗം കാവഞ്ചേരി വലിയ വീട്ടിൽ വി വി കൃഷ്‌ണദാസ്‌, ആർഎസ്‌എസ്‌ സേവ പ്രമുഖ്‌ പത്തമ്പാട്‌ കരിമരം രാംവനിവാസിൽ കെ പി നന്ദകുമാർ, ബിജെപി മലപ്പുറം ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അനിൽകുമാർ എന്നിവർക്കെതിരെയാണ്‌ പരാതി. കൃഷണദാസ്‌, നന്ദകുമാർ എന്നിവർ 2019 നവംബർ 25 ന്‌ ശ്രീധരന്റെ വീട്ടിലെത്തി വ്യാപാരിയായ എം പി അബ്ദുൾകരീം, പി പി സലീം എന്നിവരുടെ സാന്നിധ്യത്തിൽ ആറ്‌ ലക്ഷം രൂപ വാങ്ങുകയും ഒരു മാസത്തിനുള്ളിൽ പെട്രോൾ പമ്പിനുള്ള അനുമതി ലഭ്യമാക്കുമെന്ന്‌ വിശ്വസിപ്പിക്കുകയും ചെയ്‌തു. വിദേശത്തുള്ള മകളുടെ പേരിൽ തുടങ്ങാനിരുന്നതിനാൽ അവരെ നാട്ടിലെത്തിച്ചു. പമ്പിനുള്ള അനുമതി കിട്ടുമെന്ന്‌ വിശ്വസിപ്പിക്കുന്നതിന്‌ കെ പി നന്ദകുമാർ ബിജെപി മലപ്പുറം ജില്ലാ വൈസ്‌പ്രസിഡന്റ്‌ അനിൽകുമാറുമായി ശ്രീധരന്റെ വീട്ടിലെത്തി. ഇതിന്‌ മുമ്പ്‌ പലർക്കും ഇത്തരത്തിൽ പെട്രോൾ പമ്പിനുള്ള അനുമതി വാങ്ങി നൽകിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാരിൽ തങ്ങളുടെ വിശ്വസ്‌തന്റെ  കൈകളിലാണ്‌ പണം നൽകുന്നതെന്നും പണം നഷ്ടപ്പെടില്ലെന്നും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ പണം കൈമാറിയതെന്ന്‌ പരാതിയിൽ പറയുന്നു. എന്നാൽ   പമ്പിനുള്ള അനുമതി കിട്ടാതായതോടെ കഴിഞ്ഞവർഷം    ഇവരെ നേരിൽക്കണ്ടു.  ഏപ്രിൽ 22 നകം പണം തിരിച്ചുനൽകാമെന്ന്‌ ഉറപ്പുനൽകി. എന്നാൽ അതിനുശേഷവും പണം കിട്ടിയില്ല. പിന്നീട്‌ ഇവർ ഫോൺ എടുക്കാതെയുമായി. തുടർന്നാണ്‌ ജൂലൈ 16 ന്‌ ജില്ലാ പൊലീസ്‌ മേധാവിക്ക്‌ പരാതി നൽകിയത്‌. ഇടനിലക്കാർ പണം വാങ്ങിയതായി സമ്മതിക്കുന്ന ഫോൺ ശബ്ദരേഖയും പരാതിയോടൊപ്പം ഹാജരാക്കി. Read on deshabhimani.com

Related News