ബിജെപി പാലക്കാട്‌ ജില്ലാ പ്രസിഡന്റിന് കോവിഡ്; യുവമോര്‍ച്ച മാര്‍ച്ചില്‍ പങ്കെടുത്തവർ നിരീക്ഷണത്തില്‍



പാലക്കാട് > ബിജെപി ജില്ലാ അധ്യക്ഷൻ ഇ കൃഷ്ണദാസിന് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച കലക്ടറേറ്റ് മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകരടക്കം നിരവധിപേർ നിരീക്ഷണത്തിൽ. മന്ത്രി കെ ടി ജലീൽ രാജിവയ്‍ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റി പാലക്കാട് സിവിൽ സ്റ്റേഷനിലേക്കാണ് മാർച്ച് നടത്തിയത്. നൂറോളം യുവമോർച്ച പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു. മാർച്ചിൽ പരിക്കേറ്റ ഒമ്പത് യുവമോർച്ച പ്രവർത്തകരെ ജില്ലാ ആശുപത്രിയിൽ ബിജെപി ജില്ലാ അധ്യക്ഷൻ സന്ദർശിച്ചിരുന്നു. ഇതോടെ അധ്യക്ഷനുമായി അ‌ടുത്ത് ഇടപഴകിയ സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, ജില്ലാ ഉപാധ്യക്ഷൻ പി ഭാസി എന്നിവരും യുവമോർച്ച നേതാക്കളും നിരീക്ഷണത്തിൽ പോകണം. കോവിഡിന്റെ പശ്ചാത്തലത്തിൽ സമരങ്ങളിൽ ആളുകൾ കുറയ്‍ക്കണമെന്ന സർക്കാരിന്റെയും പൊലീസിന്റെയും നിർദേശം വെല്ലുവിളിച്ചാണ് നൂറോളം പ്രവർത്തകർ സമരത്തിനെത്തിയത്. സിവിൽ സ്റ്റേഷന് മുന്നിൽ രണ്ട് ദിവസമായി നടക്കുന്ന എല്ലാസമരങ്ങളിലും ഇത്തരം ഭീഷണിയുണ്ടെന്ന് ആരോ​ഗ്യവകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Read on deshabhimani.com

Related News