സോളാർ ലൈംഗിക പീഡനക്കേസ്‌: എ പി അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്‌തു



തിരുവനന്തപുരം> ബിജെപി നേതാവ്‌ എ പി അബ്ദുള്ളക്കുട്ടിയെ സോളാർ ലൈംഗിക പീഡനക്കേസ്‌ അന്വേഷിക്കുന്ന സിബിഐ ചോദ്യം ചെയ്‌തു. തിരുവനന്തപുരത്തെ സിബിഐ ഓഫീസിലായിരുന്നു  ചോദ്യം ചെയ്യൽ. രാവിലെ ഒമ്പതിന്‌ ആരംഭിച്ച ചോദ്യം ചെയ്യൽ അവസാനിച്ചത്‌ ഉച്ചക്ക്‌  12നാണ്‌.തിരുവനന്തപുരം മാസ്‌കറ്റ്‌ ഹോട്ടലിൽ അബ്ദുള്ളക്കുട്ടി പരാതിക്കായെ പീഡിപ്പിച്ചെന്നാണ്‌ കേസ്‌. വധഭീഷണി, ലൈംഗീക ചുവയുള്ള സംഭാഷണവുമായി പിറകെ നടന്ന്‌ ശല്യം ചെയ്യൽ കുറ്റങ്ങളും അബ്ദുള്ളക്കുട്ടിയുടെ പേരിലുണ്ട്‌. പരാതിക്കാരിയുടെ മൊഴി, അന്വേഷണത്തിന്റെ ഭാഗമായി ഇതിനകം ശേഖരിച്ച തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. അബ്ദുള്ളക്കുട്ടിയെ വീണ്ടും വിളിപ്പിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, എംപിമാരായ അടൂർ പ്രകാശ്‌, ഹൈബി ഈഡൻ, മുൻ മന്ത്രി എ പി അനിൽകുമാർ, ഉമ്മൻചാണ്ടിയുടെ സന്തത സഹചാരി തോമസ്‌ കുരുവിള, ബിജെപി നേതാവ്‌ എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരെയാണ്‌ കേസ്‌. ലൈംഗിക പീഡനം, സാമ്പത്തികത്തട്ടിപ്പ്‌ തുടങ്ങിയ വകുപ്പ്‌ ചുമത്തി ആറ്‌ എഫ്‌ഐആറാണുള്ളത്‌. ലൈംഗികാതിക്രമം, വഞ്ചന, കുറ്റകൃത്യത്തിൽ പങ്കാളിയാകൽ എന്നിവയാണ്‌ ഉമ്മൻചാണ്ടിക്കും തോമസ്‌ കുരുവിളയ്‌ക്കുമെതിരെയുള്ള കുറ്റം. മറ്റുള്ളവർക്കെതിരെ സ്‌ത്രീത്വത്തെ അപമാനിച്ചതിനും അടൂർ പ്രകാശ്‌ ഒഴികെയുള്ളവരുടെയെല്ലാം പേരിൽ ലൈംഗിക പീഡനത്തിനും കുറ്റം ചുമത്തി. അടൂർ പ്രകാശിനെതിരെ ലൈംഗികച്ചുവയുള്ള സംഭാഷണവുമായി പിറകെ നടന്ന്‌ ശല്യം ചെയ്‌ത കുറ്റവുമുണ്ട്‌. നേരത്തെ കെ സി വേണുഗോപാൽ, ഹൈബി ഈഡൻ, അടൂർ പ്രകാശ്‌ എംപി, എ പി അനിൽകുമാർ എന്നിവരെ ചോദ്യം ചെയ്‌തിരുന്നു. ക്ലിഫ്‌ ഹൗസിൽ ഉൾപ്പെടെ പരിശോധനയും നടത്തി. ഉമ്മൻചാണ്ടിയെ ഉടൻ ചോദ്യം ചെയ്യും. Read on deshabhimani.com

Related News