2000 ലിറ്റർ കോടയും നാടൻ തോക്കും പിടിച്ചെടുത്തു; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ



വണ്ടൻമേട് അണക്കര ആറാംമൈൽ വലിയപാറയിലെ വാറ്റുകേന്ദ്രത്തിൽ എക്‌സൈസ്‌ നടത്തിയ റെയ്‌ഡിൽ 2000 ലിറ്റർ കോടയും രണ്ടുലിറ്റർ വാറ്റുചാരായവും നാടൻ തോക്കും പിടികൂടി. സംഭവത്തിൽ  ആറാംമൈൽ കുങ്കിരിപെട്ടി വലിയപാറ നെല്ലിമൂട്ടിൽ  ജിനദേവനെ(40) എക്‌സൈസ്‌ അറസ്റ്റ്‌ ചെയ്തു. സജീവ ആർഎസ്എസ് പ്രവർത്തകനും ബിജെപി മുൻ പഞ്ചായത്ത് സെക്രട്ടറിയുമാണ് ഇയാൾ. വലിയപാറ ബാംബു നെസ്റ്റ് എന്ന റിസോർട്ടിന്റെ മറവിലായിരുന്നു വാറ്റുകേന്ദ്രം പ്രവർത്തിച്ചിരുന്നത്. ആറാംമൈൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിന്റെ മേൽനോട്ടവും നടത്തിപ്പും ജിനദേവനായിരുന്നു. റിസോർട്ടിലെത്തുന്ന സഞ്ചാരികൾക്ക്‌ ഉൾപ്പെടെ നൽകാനാണ് വാറ്റിയിരുന്നതെന്നാണ്‌ സൂചന. റിസോർട്ടിന്റെ സമീപത്തുള്ള ഷെഡിൽനിന്ന്‌ നാടൻ തോക്കും വെടിമരുന്നും പിടിച്ചെടുത്തു. ജില്ലാ എക്സൈസ് ഇന്റലിജൻസ്‌, ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമീഷണറുടെ കീഴിലെ പ്രത്യേകസംഘം, എക്‌സൈസ് ഉടുമ്പൻചോല സർക്കിളിലെ പ്രത്യേകസംഘം എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് വാറ്റുകേന്ദ്രം കണ്ടെത്തിയത്‌.ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമീഷണർ കാര്യാലയം സ്ക്വാഡ് അംഗങ്ങളായ ബി രാജകുമാർ, ടി എ അനീഷ്, ഇടുക്കി ഐബി പ്രിവന്റീവ് ഓഫീസർമാരായ എം പി പ്രമോദ്, പി ടി സേവ്യർ, ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ ആർ ബാലൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്‌.   Read on deshabhimani.com

Related News