ബിജെപി അണികൾ കൊഴിഞ്ഞുപോകുന്നുവെന്ന്‌ ആർഎസ്‌എസ്‌; വി മുരളീധരൻ – കെ സുരേന്ദ്രൻ സഖ്യം സമ്പൂർണ പരാജയം



തൃശൂർ > അണിയറയിൽ നേതൃമാറ്റ ചർച്ച സജീവമായിരിക്കെ ബിജെപിയിൽ ആർഎസ്‌എസ്‌  പിടിമുറുക്കുന്നു. കേരളത്തിലെ  ഇരു ഗ്രൂപ്പുകളെയും തഴഞ്ഞ്‌ ആർഎസ്‌എസ്‌ നിർദേശാനുസരണം പുനഃസംഘടന നടത്താനാണ്‌ കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്‌. ആർഎസ്‌എസിന്റെ എതിർപ്പ്‌ അവഗണിച്ചാണ്‌ കെ സുരേന്ദ്രനെ പ്രസിഡന്റായി നിയമിച്ചത്‌. വി മുരളീധരന്റെ സമ്മർദത്തെത്തുടർന്നായിരുന്നു ഈ തീരുമാനം. വി മുരളീധരൻ –-കെ സുരേന്ദ്രൻ സഖ്യം സമ്പൂർണ പരാജയമാണെന്ന്‌ കേന്ദ്ര നേതൃത്വത്തിന്‌ ബോധ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം, കൊടകര കുഴൽപ്പണ കേസ്‌, മഞ്ചേശ്വരത്ത്‌ സ്ഥാനാർഥിക്ക്‌ പണം നൽകിയ കേസ്‌, സി കെ ജാനുവിന്‌ ലക്ഷങ്ങൾ നൽകിയ കേസ്‌ തുടങ്ങി നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളിൽ സംസ്ഥാന പ്രസിഡന്റ്‌‌ കെ സുരേന്ദ്രന്‌ നേരിട്ടുള്ള പങ്ക്‌  പൊതുജനമധ്യത്തിൽ ബിജെപിയുടെ വിശ്വാസ്യത ഇല്ലാതാക്കിയെന്ന്‌ നേതൃത്വം വിലയിരുത്തുന്നു. തെരഞ്ഞെടുപ്പ്‌ പരാജയവും കുഴൽപ്പണ ഇടപാടുകളും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കാൻ കേന്ദ്ര നേതൃത്വം നിയോഗിച്ച അന്വേഷണ സമിതിയും നിലവിലെ നേതൃത്വം മാറാതെ കേരളത്തിൽ രക്ഷയില്ലെന്നാണ്‌ റിപ്പോർട്ട്‌ നൽകിയത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിനും കുഴൽപ്പണ - സാമ്പത്തിക ഇടപാടുകൾക്കുംശേഷം ബിജെപിയിൽനിന്ന്‌ അണികൾ വ്യാപകമായി കൊഴിഞ്ഞുപോവുകയാണ്‌. പ്രസിഡന്റായശേഷം   വി മുരളീധരനും കെ സുരേന്ദ്രനും ഗ്രൂപ്പ്‌ അടിസ്ഥാനത്തിലാണ്‌ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന പരാതി പി കെ കൃഷ്‌ണദാസ്‌ പക്ഷം നേരത്തേ ഉന്നയിച്ചിരുന്നു.  കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളിൽ ബിജെപി വിനിയോഗിച്ച പണം സംബന്ധിച്ച്‌ ആഭ്യന്തര പരിശോധന വേണമെന്ന ആവശ്യവും സംഘപരിവാറിനകത്തുണ്ട്‌. എല്ലാ റിപ്പോർട്ടുകളും എതിരായതിനെത്തുടർന്ന്‌ കഴിഞ്ഞ ദിവസം കെ സുരേന്ദ്രനെ ഡൽഹിക്ക്‌ വിളിപ്പിച്ചു. തങ്ങളെ  അവഗണിച്ചതാണ്‌ ബിജെപിയെ ദയനീയാവസ്ഥയിൽ എത്തിച്ചതെന്നാണ്‌ ആർഎസ്‌എസ്‌ ചൂണ്ടിക്കാട്ടുന്നത്‌. ആർഎസ്‌എസിനെ വിശ്വാസത്തിലെടുത്ത്‌ പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്താൽ മതിയെന്ന നിലപാടിലാണ്‌ കേന്ദ്രനേതൃത്വം. ഇരു ഗ്രൂപ്പിലുംപെടാത്ത ഒരാളെ നേതൃസ്ഥാനത്ത്‌ കൊണ്ടുവരാനാണ്‌ കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്‌. സുരേഷ്‌ഗോപി അടക്കമുള്ളവരുടെ പേരുകൾ  ഉയർന്നുവരുന്നതും ഈ വിലയിരുത്തലിലാണ്‌. എന്നാൽ, സുരേഷ്‌ഗോപി വേണ്ടെന്ന നിലപാടാണ്‌ പൊതുവേയുള്ളത്‌. നിലവിലെ നേതൃത്വം മാറണമെന്ന കാര്യത്തിൽ ആർഎസ്‌എസിനും കേന്ദ്ര നേതൃത്വത്തിനും ഏകാഭിപ്രായമാണ്‌. പുതിയത്‌ ആര്‌ എന്നത്‌ ആർഎസ്‌എസ്‌ ഗൗരവമായി ആലോചിച്ചുകൊണ്ടിരിക്കയാണ്‌. Read on deshabhimani.com

Related News