കോന്നിയിലെ പണവിതരണവും സുരേന്ദ്രന് കുരുക്ക്; എം ഗണേശന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്



തൃശൂർ > നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ മത്സരിച്ച രണ്ടാമത്തെ മണ്ഡലമായ കോന്നിയിൽ പണം വിതരണം ചെയ്തെന്ന ധർമരാജന്റെ മൊഴി സുരേന്ദ്രന്‌ കുരുക്കാകും. തെരഞ്ഞെടുപ്പിലെ പണ വിതരണം ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഗുരുതര കുറ്റമാണ്‌. പരാതിയുണ്ടായാൽ  ഐപിസി 171 ബി പ്രകാരം ധർമരാജനും സുരേന്ദ്രനുമെതിരെ പൊലീസിന്‌ കേസെടുക്കാവുന്നതാണെന്ന്‌ നിയമ വിദഗ്‌ധൻ ഡോ. സെബാസ്‌റ്റ്യൻ പോൾ പറഞ്ഞു. 171 ഇ  പ്രകാരം ഒരു വർഷം തടവ്‌ ലഭിക്കാം. കൊടകര കുഴൽപ്പണക്കവർച്ച കേസിൽ ഇരിങ്ങാലക്കുട ജുഡീഷ്യൽ ഒന്നാംക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതി ഒന്നിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ്‌ ധർമരാജന്റെ മൊഴി. ‘ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനുമായി  അടുത്ത ബന്ധമുണ്ട്‌. തെരഞ്ഞെടുപ്പുസമയത്ത്‌  മൂന്നുതവണ  കോന്നിയിൽ പോയി.  ബിജെപി കോഴിക്കോട്‌  ജില്ലാ പ്രസിഡന്റായിരുന്ന രഘുവിനായിരുന്നു കോന്നിയിൽ  സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ്‌ ചുമതല. അദ്ദേഹം സുഹൃത്താണ്‌. അവിടെ  വണ്ടിയും ഡ്രൈവറെയും തന്നു. നിർദേശപ്രകാരം പഞ്ചായത്ത്‌ മെമ്പർമാരെയും ചുമതലക്കാരെയും കണ്ട്‌ 10,000 മുതൽ  20,000 രൂപ വീതംവരെ നൽകി. ആകെ രണ്ടുലക്ഷം കൈമാറി. ഞാൻ വരുന്ന വിവരം  അവരോട്‌ പറഞ്ഞിരുന്നു’–- മൊഴിയിൽ പറയുന്നു. പണത്തിന്റെ സ്രോതസ്സ്‌ വെളിപ്പെടുത്താൻ കഴിയാതായാൽ ബിജെപി നേതാക്കൾ പ്രതികളാകുമെന്ന്‌ മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിലെ കണ്ടെത്തലുകൾ കേന്ദ്ര ഏജൻസികൾക്ക്‌ കൈമാറിയിട്ടുണ്ട്‌.  ബിജെപി നേതാക്കളുടെ പങ്കുൾപ്പെടെ വിശദറിപ്പോർട്ട്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്‌ പ്രത്യേക അന്വേഷകസംഘം കൈമാറും. മഞ്ചേശ്വരത്ത്‌ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയതിന് കെ സുരേന്ദ്രന്റെ പേരിൽ കേസുണ്ട്‌. സി കെ ജാനുവിനെ സ്ഥാനാർഥിയാക്കാൻ കൈക്കൂലി നൽകിയെന്ന കുറ്റത്തിന്‌  ബത്തേരിയിലും കേസുണ്ട്‌. എം ഗണേശന്‌ ‌വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയാകാൻ സി കെ ജാനുവിന്‌ 35 ലക്ഷം രൂപ കോഴ നൽകിയ കേസിൽ ബിജെപി സംഘടനാ സെക്രട്ടറി എം ഗണേശന്‌  ക്രൈംബ്രാഞ്ച്‌ വീണ്ടും നോട്ടീസ്‌ നൽകി. തെരഞ്ഞെടുപ്പുകാലത്ത്‌ ഉപയോഗിച്ച ഫോൺ ഒരാഴ്‌ചക്കുള്ളിൽ ഹാജരാക്കണമെന്നാണ്‌ ആവശ്യം.‌ നേരത്തെ നോട്ടീസ്‌ നൽകിയിട്ടും ഹാജരാക്കിയിരുന്നില്ല. ഇത്തവണയും  നിരസിച്ചാൽ കേസെടുക്കാനാണ്‌ നീക്കം. സി കെ ജാനുവിന്‌ കോഴ നൽകിയതിൽ ഗണേശന്‌ പങ്കുള്ളതായി‌ തെളിവ്‌ ലഭിച്ചിട്ടുണ്ട്‌. ജെആർപി ട്രഷറർ പ്രസീത അഴീക്കോടുമായി ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനും ഗണേശനും നടത്തിയ സംഭാഷണങ്ങളിലും പങ്ക്‌ വ്യക്തം. കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ്‌ ഫോൺ ഹാജരാക്കാൻ ആവശ്യപ്പെട്ടത്‌. Read on deshabhimani.com

Related News