ബിജെപിയിൽ എടുക്കാൻ വന്നവർ കൊടുക്കാൻ വന്നവരുടെ ഇടം കയ്യേറി; വിമർശനവുമായി കെ പി ശ്രീശൻ



കോഴിക്കോട്‌ > ‘‘പൊതുപ്രവർത്തനം പണ്ട് കൊടുക്കാൻ വന്നവരുടേതായിരുന്നു. കാലം മാറിയപ്പോൾ എടുക്കാൻ വന്നവർ കൊടുക്കാൻ വന്നവരുടെ ഇടം കയ്യേറിയതായി ബിജെപി മുൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ പി ശ്രീശൻ. മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ വി ശ്രീധരന്റെ ശതാഭിഷേകദിനത്തിൽ ആശംസകൾ നേർന്നാണ്‌ ശ്രീശന്റെ നേതൃ വിമർശനം. തൻ കാര്യം നേടാൻ ആരുടെ മൂർദ്ധാവും ചവിട്ടുപടിയാക്കുന്ന പതിവ് രാഷ്‌ടീയക്കാരനിൽ നിന്നും വ്യത്യസ്‌തനാണ്‌ ശ്രീധരൻ. കൈകൾ സധൈര്യം ആകാശത്തോളമുയർത്തി നിവർത്തിക്കാണിക്കാൻ പോന്നവൻ. വിവാദങ്ങളിലൂടെ വാർത്തകളിൽ വന്നു നിറഞ്ഞില്ലെന്നും എളിമയുടെ തെളിമയിൽ എതിരാളികൾക്കും ആദരണീയനായിരുന്നുവെന്നും ഫേസ്‌ബുക്ക്‌ കുറിപ്പിൽ പറയുന്നു. നിലവിലുള്ള സംസ്ഥാന പ്രസിഡന്റ്‌ കെ  സുരേന്ദ്രന്റെയും മറ്റും ശൈലിയോടുള്ള അമർഷം പരോക്ഷമായി സൂചിപ്പിക്കുന്നതാണ്‌ കുറിപ്പ്‌. കുറിപ്പിനടിയിൽ പ്രതികരണമായി ഇന്നത്തെ നേതൃത്വം ഫ്രോഡുകളാണെന്ന്‌ സൂചിപ്പിച്ചുള്ള കർഷകമോർച്ച മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽവൈദ്യമംഗലത്തിന്റെ പരാമർശം വൻ വിവാദമായിട്ടുണ്ട്‌. കെ വി ശ്രീധരനുമായി താരതമ്യം ചെയ്‌താണ്‌ അനിൽ ഇന്നുള്ളത്‌ ഫ്രോഡുകളാണെന്ന്‌ പരാമർശിച്ചിട്ടുള്ളത്‌. Read on deshabhimani.com

Related News