പോര്‌ കടുത്തു; ബിജെപി നേതൃയോഗം ഉടൻ



തിരുവനന്തപുരം > ബിജെപിയിൽ കലഹം രൂക്ഷമായിരിക്കെ സംസ്ഥാന ഭാരവാഹി യോഗവും കോർ കമ്മിറ്റിയും ചേരുന്നു. സംഘടനാതലത്തിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പക്ഷം നടത്തിയ ഏകപക്ഷീയ അഴിച്ചുപണിക്കെതിരെ തുറന്ന പോരിലാണ്‌ നേതാക്കൾ. സംസ്ഥാന ഭാരവാഹികളുടെ വാട്സാപ്പ്‌ ഗ്രൂപ്പിൽ നിന്ന്‌ മുതിർന്ന നേതാക്കൾ പുറത്തുപോയി.  ശക്തമായി പ്രതികരിക്കാനാണ്‌  കൃഷ്ണദാസ്‌ വിഭാഗത്തിന്റെ തീരുമാനം. പ്രാദേശികതല അഴിച്ചുപണി കൂടുതൽ ശക്തിപ്പെടുത്തുന്നതടക്കം ചർച്ചചെയ്യാനാണ്‌ ഭാരവാഹി യോഗവും കോർ കമ്മിറ്റിയും ചേരുന്നത്‌. അതേസമയം, പരസ്യമായി പ്രതികരിച്ച്‌ പാർടി നേതൃത്വത്തെ വെല്ലുവിളിച്ച ശോഭ സുരേന്ദ്രനെതിരെ നടപടി വേണമെന്നാണ്‌ ഔദ്യോഗികപക്ഷത്തെ ചില നേതാക്കളുടെ ആവശ്യം. ഇക്കാര്യവും ഭാരവാഹി യോഗങ്ങളിൽ ചർച്ചയാകും. പ്രഭാരി സി പി രാധാകൃഷ്ണനടക്കമുള്ളവരുടെ സൗകര്യം പരിഗണിച്ച്‌ ഉടൻ യോഗം ചേർന്നേക്കും.  സെപ്‌തംബർ ആദ്യം കൊച്ചിയിൽ ചേർന്ന കോർകമ്മിറ്റിയിൽ മണ്ഡലങ്ങൾ വിഭജിക്കാനും നാല്‌ ജില്ലയിൽ പുനഃസംഘടന നടത്താനും തീരുമാനിച്ചിരുന്നു.  ഈ അവസരം മുതലെടുത്ത്‌ കെ സുരേന്ദ്രൻ താൽപ്പര്യമില്ലാത്ത ആറ്‌ ജില്ലാ അധ്യക്ഷന്മാരെയടക്കം ഏകപക്ഷീയമായി മാറ്റിയെന്ന്‌ കൃഷ്‌ണദാസ്‌ പക്ഷം കുറ്റപ്പെടുത്തുന്നുണ്ട്‌. തെരഞ്ഞെടുപ്പ്‌ പരാജയം സംബന്ധിച്ച്‌ പഠിച്ച അഞ്ച്‌ പേരുടെ റിപ്പോർട്ടുകളിലെ പ്രധാന ശുപാർശകൾ നടപ്പാക്കാത്തതും യോഗത്തിൽ ചർച്ചയാകും. ന്യൂനപക്ഷങ്ങളെ അടുപ്പിക്കാൻ വിവിധ തലത്തിൽ ഒരുക്കം നടത്തണമെന്നാണ്‌ റിപ്പോർട്ടിലുള്ളതെങ്കിൽ ഇപ്പോഴത്തെ അഴിച്ചുപണികൾ അവരെ കൂടുതൽ അകറ്റുകയേയുള്ളൂ. സുരേന്ദ്രന്റെ അപക്വ പ്രസ്താവനകൾ തോൽവിക്ക്‌ കാരണമായി. കുഴൽപ്പണ ഇടപാടിൽ ചില കേന്ദ്ര നേതാക്കൾക്കും പങ്കുള്ളതാണ്‌ സുരേന്ദ്രന്‌ പിടിവള്ളിയായതെന്നും കൃഷ്ണദാസ്‌ പക്ഷം വിലയിരുത്തുന്നു. സി കെ പത്മനാഭനടക്കം മുതിർന്ന നേതാക്കൾ പതിവായി യോഗങ്ങൾ ബഹിഷ്കരിക്കുന്നതും സംസ്ഥാനത്ത്‌ വിവിധ ഭാഗങ്ങളിൽ നേതാക്കൾ പാർടിവിടുന്നതും ചർച്ചയാകും. Read on deshabhimani.com

Related News