കൊടകര കുഴൽപ്പണം: ബിജെപി നേതാക്കളെ രക്ഷിക്കാൻ കേന്ദ്ര ഇടപെടൽ



തൃശൂർ കൊടകര കുഴൽപ്പണക്കടത്ത്‌ കേസിൽ ഇഡിക്ക്‌ അനക്കമില്ലാത്തതിനു പിന്നിൽ  ബിജെപി നേതാക്കളെ രക്ഷിക്കാനാണെന്ന്‌ സൂചന. നിയമസഭാ തെരഞ്ഞെടുപ്പിനായി ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ അറിവോടെ സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശന്റെ നേതൃത്വത്തിൽ ഒമ്പതുജില്ലകളിൽ പണവിതരണം നടത്തിയെന്നാണ്‌ പൊലീസ്‌ അന്വേഷണ റിപ്പോർട്ട്‌.  കേസിൽ നടപടിയെടുക്കാതിരിക്കാൻ ഇഡിക്കു മുകളിൽ കേന്ദ്രസർക്കാർ സമ്മർദമെന്നാണ്‌ സൂചന. കേസ്‌ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പട്ട്‌ മുഖ്യമന്ത്രിക്ക്‌ ഗവർണർ അയച്ച കത്ത്‌ പുറത്തുവന്നതോടെ കേന്ദ്ര ഇടപെടലുകൾ വെളിച്ചത്താകുകയാണ്‌.   നിയമസഭാ തെരഞ്ഞെടുപ്പിനായി കേരളത്തിൽ ബിജെപി ഇറക്കിയ മൂന്നരക്കോടി കുഴൽപ്പണം കൊടകരയിൽ കവർന്ന കേസിന്റെ അന്വേഷണത്തിലാണ്‌ 53.4  കോടിയുടെ ഹവാല ഇടപാട്‌ പൊലീസ്‌ കണ്ടെത്തിയത്‌. കവർച്ച സംഘത്തെ അറസ്റ്റും ബിജെപി നേതാക്കളെ ചോദ്യവും ചെയ്‌തിരുന്നു. കള്ളപ്പണമിടപാട് അന്വേഷിക്കേണ്ട ചുമതല ഇഡിക്കായതിനാൽ വിശദമായ റിപ്പോർട്ട്‌  കൊച്ചി എൻഫോഴ്‌സ്‌മെന്റ്‌ ഡെപ്യൂട്ടി ഡയറക്ടർക്ക്‌ സമർപ്പിച്ചു. തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനാണെന്ന സൂചന ലഭിച്ചതിനാൽ തെരഞ്ഞെടുപ്പു കമീഷനും പണത്തിന്റെ ഉറവിടം അന്വേഷിക്കുന്നതിന്‌ ആദായനികുതി വകുപ്പിനും റിപ്പോർട്ട്‌  നൽകി.  എന്നാൽ, ഇതുവരെയും അന്വേഷണമില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ 41.4 കോടിയും തദ്ദേശ തെരഞ്ഞെടുപ്പിൽ 12 കോടിയും ഉൾപ്പെടെ 53.40 കോടിയുടെ കുഴൽപ്പണ ഇടപാട്‌ നടന്നതായി കുറ്റപത്രത്തിലുണ്ട്‌. 2021 ജൂലൈ 23നാണ്‌ എസിപി വി കെ രാജു  ഇരിങ്ങാലക്കുട ജൂഡിഷ്യൽ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിൽ കുറ്റപത്രം  സമർപ്പിച്ചത്‌.  ബംഗളൂരുവിൽനിന്ന്‌  ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയ്‌ക്ക്‌ എത്തിക്കാനുള്ള പണമാണ്‌ കവർന്നതെന്ന്‌ ഇതിൽ പറയുന്നു.   എം ഗണേശൻ, ഓഫീസ്‌ സെക്രട്ടറി ജി ഗിരീഷ്‌  എന്നിവരുടെ നിർദേശപ്രകാരം കുഴൽപ്പണക്കടത്തിന്‌ ധർമരാജനെയാണ്‌ ചുമതലപ്പെടുത്തിയത്‌.  ധർമരാജനും കെ സുരേന്ദ്രനും നടത്തിയ ഫോൺസംഭാഷണ വിവരവും പൊലീസ്‌ ശേഖരിച്ചിരുന്നു. Read on deshabhimani.com

Related News