മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കോഴ: കെ സുരേന്ദ്രനെ അറസ്റ്റുചെയ്‌തേക്കും



കാസർകോട്‌ > മഞ്ചേശ്വരം മണ്ഡലത്തിലെ പത്രിക പിൻവലിക്കാൻ ബിഎസ്‌പി സ്ഥാനാർഥിക്ക്‌ രണ്ടര ലക്ഷം രൂപ കോഴ നൽകിയ കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെയും മറ്റ്‌ ആറ്‌ നേതാക്കളെയും അറസ്റ്റുചെയ്യാൻ സാധ്യത. ഇവിടെ സ്ഥാനാർഥിയായിരുന്ന സുരേന്ദ്രനുവേണ്ടിയാണ്‌ പണം നൽകിയും ഭീഷണിപ്പെടുത്തിയും കെ സുന്ദരയെ പിന്മാറ്റിയത്‌. കോഴ നൽകി തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് കോടതി നിർദേശപ്രകാരം കേസെടുത്തത്‌. സുരേന്ദ്രനെതിരെ തെളിവുകൾ ശക്തമാണ്‌. ജില്ലാ ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിൽ സുരേന്ദ്രൻ പറഞ്ഞതൊന്നും സത്യമല്ലെന്ന്‌ അന്വേഷകസംഘത്തിന്‌ വ്യക്തമായിട്ടുണ്ട്‌. ചോദ്യംചെയ്യലിന്‌ വരുമ്പോൾ മൊബൈൽഫോൺ കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഫോൺ നശിപ്പിച്ചുവെന്നാണ്‌ സുരേന്ദ്രൻ പറഞ്ഞത്‌. ഈ ഫോൺ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന്‌ സൈബർവിഭാഗം കണ്ടെത്തി. പത്രിക പിൻവലിക്കാനുള്ള അപേക്ഷയിൽ സുന്ദരയെ ഭീഷണിപ്പെടുത്തി ഒപ്പിടുവിച്ചത്‌ കാസർകോട്‌ താളിപ്പടുപ്പിലെ ഹോട്ടലിൽവച്ചാണ്‌. ആ ദിവസം സുരേന്ദ്രൻ ഇവിടെയുണ്ടായിരുന്നതിന്‌ തെളിവുണ്ട്‌. ഇവയെല്ലാം നിരത്തി സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്‌. കുറ്റകൃത്യത്തിൽ സുരേന്ദ്രനെ സഹായിച്ച ബിജെപി മുൻ ജില്ലാ പ്രസിഡന്റ്‌ വി ബാലകൃഷ്‌ണഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്‌, ബിജെപി നേതാക്കളായ സുരേഷ്‌ നായിക്‌, കെ മണികണ്‌ഠ റൈ, മുരളീധര യാദവ്‌, ലോകേഷ്‌ നന്ദ എന്നിവരാണ്‌ മറ്റു പ്രതികൾ. Read on deshabhimani.com

Related News