ബത്തേരി തെരഞ്ഞെടുപ്പ്‌: ബിജെപി മൂന്നര കോടി എത്തിച്ചതിന്റെ രേഖകൾ പുറത്ത്‌



കൽപ്പറ്റ> നിയമസഭാ തെരഞ്ഞെടുപ്പിന്‌ ബത്തേരി മണ്ഡലത്തിൽ ബിജെപി  മൂന്നരക്കോടി രൂപ  എത്തിച്ചതിന്റെ ഡിജിറ്റൽ രേഖകൾ പുറത്ത്‌. ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്‌ മലവയൽ  ജില്ലാ പ്രസിഡന്റ്‌ സജി ശങ്കറിന്‌ നൽകിയ രേഖകളാണ്‌ പുറത്തായത്‌. എന്നാൽ 17 ലക്ഷം രൂപ ചെലവിട്ടതിന്റെ കണക്കാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷന്‌ ബിജെപി നൽകിയത്‌. കേന്ദ്രമന്ത്രി അമിത്‌ഷാ പങ്കെടുത്ത പരിപാടിക്ക്‌ മാത്രം 68,25,000 രൂപ ചെലവിട്ടതായാണ്‌ രേഖ. തെരഞ്ഞെടുപ്പിന്‌ എത്തിച്ച കോടികൾ ചില നേതാക്കൾ തട്ടിയെടുത്തത്‌ സംബന്ധിച്ച തർക്കം കൂട്ടരാജിയിലെത്തിയതിനിടെയാണ്‌ മൂന്നരക്കോടിയുടെ കണക്ക്‌ പുറത്തായത്‌. ഭക്ഷണ ചെലവായി ഏഴര ലക്ഷവും കാണിച്ചിട്ടുണ്ട്‌. കെ സുരേന്ദ്രൻ പക്ഷക്കാരനായ പ്രശാന്ത്‌ മലവയൽ, സംസ്ഥാന ഓർഗനൈസിങ്‌ സെക്രട്ടറി കെ സദാനന്ദൻ, പുതിയ ജില്ലാ പ്രസിഡന്റായി നിയോഗിച്ച കെ പി മധു എന്നിവർ ചേർന്നാണ്‌ പണം കൈകാര്യം ചെയ്‌തത്‌. തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിന്‌ വിനിയോഗിക്കാതെ പണം നേതാക്കൾ തട്ടിയെടുത്തതായി ഒരു വിഭാഗം ആരോപിച്ചിരുന്നു. സാമ്പത്തിക ക്രമക്കേട്‌ നടത്തിയവർക്കെതിരെ  നേതൃത്വത്തിന്‌ പരാതി അയച്ചെങ്കിലും നടപടിയെടുത്തില്ല. പകരം ആരോപണവിധേയനായ  മധുവിനെ  ജില്ലാ അധ്യക്ഷനായി നിയോഗിച്ചു. ഇതിൽ പ്രതിഷേധിച്ച്‌ രാജി തുടരുകയാണ്‌. വെള്ളിയാഴ്‌ച പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ്‌ വിശ്വനാഥനും  രാജിവച്ചു. ബത്തേരിയിൽ സി കെ ജാനുവിനെ സ്ഥാനാർഥിയാക്കാൻ 35 ലക്ഷം രൂപ നൽകിയെന്ന കേസിൽ കെ സുരേന്ദ്രനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്‌. Read on deshabhimani.com

Related News