സാമ്പത്തിക തിരിമറി: ബിജെപി സ്ഥാനാർഥികൾക്ക്‌ ക്ഷേത്രകമ്മിറ്റിയിൽ മത്സരിക്കാൻ പറ്റില്ലെന്ന്‌ കോടതി



തൊടുപുഴ> അഴിമതി ആരോപണം നേരിടുന്ന തൊടുപുഴ നഗരസഭയിലെ രണ്ട് ബിജെപി സ്ഥാനാർഥികളെ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്ര കമ്മിറ്റിയിലേക്ക്‌ മത്സരിക്കുന്നതിൽ അയോഗ്യരാക്കി ജില്ലാ കോടതിയുടെ ഉത്തരവ്‌. നഗരസഭ 23-ാം വാർഡ്‌ സ്ഥാനാർഥി പി ജി രാജശേഖരൻ, 24-ാം വാർഡ്‌ സ്ഥാനാർഥി ടി എസ്‌ രാജൻ  എന്നിവർക്കെതിരെയാണ്‌ ഉത്തരവ്‌. ഇരുവരും ദീർഘകാലമായി ഭാരവാഹികളായുള്ള ക്ഷേത്ര കമ്മിറ്റിക്കെതിരെ അഴിമതി ആരോപണം ഉയർന്നിരുന്നു. ക്ഷേത്രഭരണത്തിൽ സാമ്പത്തിക തിരിമറികൾ നടക്കുന്നുവെന്ന്‌ ആരോപിച്ച്‌ കാഞ്ഞിരമറ്റം സ്വദേശി കെ ഹരിദാസും മറ്റു ചിലരും ചേർന്നാണ്‌ കോടതിയെ സമീപിച്ചത്‌. ‌വാദം കേട്ട ജില്ലാ കോടതി വസ്‌തുതകൾ വിലയിരുത്തി ക്ഷേത്രഭരണം പുതുതായി രൂപീകരിക്കുന്ന ട്രസ്‌റ്റിന്‌ കീഴിലാക്കാൻ നേരത്തെ ഉത്തരവിട്ടിരുന്നു. അഭിഭാഷക കമ്മീഷനെ നിയോഗിച്ച്‌ അംഗത്വമെടുക്കാന്‍  നടപടികളിലേക്കും കടന്നു. നിലവിലെ ഭാരവാഹികൾ അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ പുതിയ ട്രസ്‌റ്റിന്‌ തുടർ നിയമനടപടികൾ സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. എതിർവിഭാഗം ഹൈക്കോടതിയെ സമീപിച്ച്‌ മുന്നോട്ടുള്ള നടപടികൾ തടസപ്പെടുത്തി. ഇതിനിടെയാണ്‌ ട്രസ്‌റ്റ്‌ രൂപീകരിച്ച ശേഷം നടത്തുന്ന ക്ഷേത്ര കമ്മിറ്റി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും നിലവിലെ ഭാരവാഹികളെ വിലക്കി ജില്ലാ കോടതിയുടെ ഉത്തരവ്‌ എത്തിയത്‌. ടി എസ്‌ രാജനും രാജശേഖരനും പുറമെ 13 കമ്മിറ്റി അംഗങ്ങളെയും മത്സരിക്കുന്നതിൽ അയോഗ്യരാക്കി. ആരോപണവിധേയർ മത്സരിച്ച്‌ പുതിയ ഭരണസമിതിയിൽ എത്തിയാൽ തെളിവുകൾ ഇല്ലാതാക്കുമെന്ന്‌ വാദിഭാഗത്തിനു വേണ്ടി ഹാജരായ അഡ്വ. സി കെ വിദ്യാസാഗർ ഉപഹർജിയിലൂടെ വാദിച്ചു. റിട്ടേണിങ്‌ ഓഫീസർക്ക്‌ആവശ്യമായ നിർദേശം നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഈ വാദം അംഗീകരിച്ചാണ്‌ കോടതി അന്തിമവിധി പുറപ്പെടുവിച്ചത്‌. ‌പ്രതിഭാഗം നൽകിയ പുനഃപരിശോധനാ ഹർജിയും കോടതി തള്ളി‌. Read on deshabhimani.com

Related News