ഗുഡ്‌സ്‌ ഓട്ടോഡ്രൈവറെ തട്ടിക്കൊണ്ടുപോയി മർദനം: 4 ബിജെപിക്കാർ റിമാൻഡിൽ



തലശേരി> ഗുഡ്‌സ്‌ ഓട്ടോഡ്രൈവർ പൊന്ന്യം കുണ്ടുചിറയിലെ കുനിയിൽ ഹൗസിൽ സി ഷാജിയെ(45) തട്ടിക്കൊണ്ടുപോയി മർദിച്ച നാലംഗസംഘം റിമാൻഡിൽ. ബിജെപിക്കാരായ ടെമ്പിൾഗേറ്റ്‌ കുനിയിൽ ഹൗസിൽ കെ ശരത്ത്‌ (32), നങ്ങാറത്ത്‌പീടിക ശിവദം ഹൗസിൽ ടി കെ വികാസ്‌ (43), ടെമ്പിൾഗേറ്റ്‌ ജനീഷ്‌ നിവാസിൽ ടി ജനീഷ്‌ (32), ജഗന്നാഥ്‌ മന്ദിരം ട്രസ്‌റ്റ്‌ ആംബുലൻസ് ഡ്രൈവർ പത്രിയിൽ ഹൗസിൽ വി എം അഭിജിത്ത്‌ (29) എന്നിവരെയാണ്‌ തലശേരി മജിസ്‌ട്രേട്ടിന്റെ ചുമതലയുള്ള തളിപ്പറമ്പ്‌ ജുഡീഷ്യൽ ഒന്നാംക്ലാസ്‌ മജിസ്‌ട്രേട്ട്‌ മുമ്പാകെ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തത്‌. ശനിയാഴ്‌ച രാത്രി കിളിയന്തറ ചെക്‌പോസ്‌റ്റിലാണ്‌ നാലുപേരെയും അറസ്‌റ്റ്‌ ചെയ്‌തത്‌. ഇവർ യാത്രചെയ്‌ത സ്വിഫ്‌റ്റ്‌ കാറും കസ്‌റ്റഡിയിലെടുത്തു.| മോട്ടോർ എൻജിൻ കൂത്തുപറമ്പിലേക്ക്‌ കൊണ്ടുപോകാനുണ്ടെന്ന്‌ പറഞ്ഞ്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ എരഞ്ഞോളിപ്പാലം –- കോമത്ത്‌ പാറാൽ റോഡിലേക്ക്‌ വിളിച്ചുവരുത്തിയാണ്‌  ഷാജിയെ ബലമായി പിടിച്ചുകൊണ്ടുപോയത്‌. കൂത്തുപറമ്പിനടുത്ത വലിയവെളിച്ചത്തെ വിജനമായ സ്ഥലത്തുകൊണ്ടുപോയി മർദിച്ചു. വാഹനത്തിൽ മൈസൂരുവിലേക്ക്‌ കൊണ്ടുപോയും മർദിച്ചു. കൊന്ന്‌ ഡാമിൽ കെട്ടിത്താഴ്‌ത്തുമെന്ന്‌ ഭീഷണിപ്പെടുത്തി. നാട്ടിലേക്കുള്ള ഫോൺവിളിയിലാണ്‌ സംഘം കുടുങ്ങിയത്‌. സ്ഥലം പൊലീസ്‌ മനസിലാക്കിയതോടെ  ഗത്യന്തരമില്ലാതെ മടങ്ങി.  പൊലീസിനെ കബളിപ്പിക്കാൻ മൊബൈൽ ഫോൺ പ്രതികൾ വീടുകളിൽ സൂക്ഷിച്ചാണ്‌ തട്ടിക്കൊണ്ടുപോയത്‌. തലക്കും മുഖത്തും പരിക്കേറ്റ ഷാജിയെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദനത്തിൽ ചെവിയിൽനിന്ന്‌ രക്തം വരികയും മുഖത്തും കണ്ണിലും മുറിവേൽക്കുകയും ചെയ്‌തു. ഷാജിയുടെ അനുജന്റെ ഭാര്യയും ബിജെപി അനുഭാവിയുമായ കുണ്ടുചിറ അണക്കെട്ടിനടുത്ത്‌ ഓംകാരം വീട്ടിൽ ദീപയുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലാണ്‌ ഗുഡ്‌സ്‌ ഓട്ടോഡ്രൈവറെ ബലമായി പിടിച്ചുകൊണ്ടുപോയി മർദിച്ചത്‌. ടെമ്പിൾഗേറ്റ്‌ വാർഡിൽ നേരത്തെ ബിജെപി സ്ഥാനാർഥിയായിരുന്ന ദിവ്യയുടെ സഹോദരിയാണ്‌ ദീപ. ബ്ലേഡ്‌ ഇടപാടിനായി പലരിൽനിന്നായി ഒരുകോടി രൂപയോളം ഇവർ വാങ്ങിയതായാണ്‌ വിവരം. ഷാജിക്കും തുക ലഭിക്കാനുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു.   Read on deshabhimani.com

Related News