സിപിഐ എം പ്രവർത്തകയുടെ വീടിന്‌ തീയിട്ട ബിജെപി പ്രവർത്തകൻ പിടിയിൽ



കാക്കനാട് >  സിപിഐ എം പ്രവർത്തകയുടെ വീടിന്‌ തീയിട്ട്‌ ബിജെപി പ്രവർത്തകൻ. മഞ്ജുവും കുടുംബവും ഈ സമയം ഇടപ്പള്ളിയിലെ ബന്ധുവീട്ടിലായിരുന്നതിനാൽ ആളപായമില്ലെങ്കിലും വീട്ടിൽ വളർത്തിയ അഞ്ച്‌ മുയലുകൾ പൊള്ളലേറ്റ്‌ ചത്തു. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കത്തിനശിച്ചു. വീടിന്റെ ആധാരമടക്കമുള്ള രേഖകളും തീപിടിച്ച്‌ നശിച്ചു. അത്താണി വെസ്‌റ്റ്‌ ബ്രാഞ്ച് അംഗവും ആശാവർക്കറുമായ  അത്താണി കീരേലി മലയിൽ മഞ്ജുവിന്റെ വീടിനാണ്‌ തീയിട്ടത്‌.    സംഭവത്തിൽ പെരുമ്പാവൂർ ചെമ്പറക്കി കരുവന്നൂർ വീട്ടിൽ രതീഷിനെ (40) തൃക്കാക്കര പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. മഞ്‌ജുവിന്റെ അയൽവാസി സതീഷിന്റെ അനുജനാണ്‌ രതീഷ്‌. ഇരുവരും ബിജെപി പ്രവർത്തകരാണ്‌. കൊല്ലുമെന്ന് രതീഷ്‌ നിരന്തരം ഭീഷണി മുഴക്കിയിരുന്നതായി മഞ്ജു പറഞ്ഞു.ഞായർ പുലർച്ചെ ഒന്നിനാണ്‌ തീയിട്ടത്. തീ പടരുന്നതുകണ്ട അയൽവാസികളാണ് വിവരം അറിയിച്ചത്. പൊലീസും അഗ്നിരക്ഷാസേനയുമെത്തി തീയണച്ചു. തൃക്കാക്കര മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫ്‌, സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സി ബി ദേവദർശനൻ, ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ എന്നിവർ സംഭവസ്ഥലത്തെത്തി. ആക്രമണത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന്‌ സി എൻ മോഹനൻ ആവശ്യപ്പെട്ടു. ഗൂഢാലോചനയുണ്ടോയെന്ന്‌ അന്വേഷിക്കണം. മഞ്ജുവിന് സിപിഐ എം വീട് പുനർനിർമിച്ച്‌ നൽകുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.   Read on deshabhimani.com

Related News