രാഹുൽ ഗാന്ധിയെ കാണാനെത്തിയ
 നഗരസഭാ അധ്യക്ഷയെ ഇറക്കിവിട്ടു ; പ്രവർത്തകർ ബാഡ്ജ് ഊരിയെറിഞ്ഞു



കളമശേരി ഭാരത് ജോഡോ യാത്രയിൽ ബുധൻ രാവിലെമുതൽ രാഹുൽ ഗാന്ധി തങ്ങിയ കളമശേരി ഞാലകം ഹാളിൽനിന്ന് മുഖ്യ സംഘാടകരിലൊരാളായ നഗരസഭാ അധ്യക്ഷ സീമ കണ്ണനെ ഇറക്കിവിട്ട് അപമാനിച്ചു. ഇതിനുപിന്നിൽ കെപിസിസി അംഗമാണെന്ന് ആക്ഷേപം. ലിസ്റ്റിൽ പേരില്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ ഭാര്യയും മകളും ഹാളിൽ ഇടംപിടിച്ചിരുന്നു. എസ്‌സി വിഭാഗക്കാരിയായ ചെയർപേഴ്സൺ കരഞ്ഞുകൊണ്ട്‌ ഇറങ്ങിപ്പോയി. സംഭവത്തിൽ കളമശേരിയിലെ കോൺഗ്രസ് പ്രവർത്തകരിൽ അതൃപ്തി പടരുന്നു. ജാഥയുടെ പേരിൽ കളമശേരിയിൽനിന്ന് വൻ തുക ഫണ്ട്‌ ശേഖരിച്ചതിലും ഞാലകം കൺവൻഷൻ സെന്ററിന്‌ അനുമതി തേടിയതിലുമൊക്കെ സീമ കണ്ണൻ നിർണായക പങ്കുവഹിച്ചിരുന്നു. എന്നാൽ, ഹാളിൽ പ്രവേശിക്കേണ്ടവരുടെ ലിസ്റ്റിൽ ഇവരെ ഉൾപ്പെടുത്തിയില്ല. സംഭവത്തിനുപിന്നിൽ പ്രവർത്തിച്ച കെപിസിസി അംഗം ജില്ലയിലെ മുതിർന്ന ഐ ഗ്രൂപ്പ് നേതാവാണ്. മുഖ്യ സംഘാടക എന്നനിലയിൽ സീമയെ സഹപ്രവർത്തകർ ഹാളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന കെപിസിസി അംഗം ലിസ്റ്റിലില്ലാത്തവരെ പുറത്താക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടു. പൊലീസ് പുറത്താക്കാൻ മുതിർന്നതോടെയാണ് സീമ കണ്ണൻ കരഞ്ഞ് ഇറങ്ങിപ്പോയത്. ഇതോടെ കോൺഗ്രസ് പ്രവർത്തകർ ക്ഷുഭിതരായി. പരിപാടിയുടെ ബാഡ്ജ് ഊരിയെറിഞ്ഞ് ചിലർ പ്രതിഷേധിച്ചു. രംഗം വഷളാമാകുമെന്നുവന്നതോടെ ഹൈബി ഈഡനും പി സി വിഷ്ണുനാഥും സീമയെ ഹാളിലേക്ക് വിളിച്ചെങ്കിലും അവർ കൂട്ടാക്കിയില്ല. പിന്നീട് പ്രതിപക്ഷനേതാവ് കർശന സ്വരത്തിൽ വിളിച്ചതോടെയാണ് ഹാളിലേക്ക് വന്നത്. കളമശേരിയിലെ എ വിഭാഗക്കാരെ തഴഞ്ഞ് ഐ വിഭാഗക്കാരെയും സതീശൻ ഗ്രൂപ്പുകാരെയും വളന്റിയർമാരാക്കിയതോടെ എ ഗ്രൂപ്പുകാർ വിട്ടുനിന്നു. Read on deshabhimani.com

Related News