ജോഡോ യാത്ര: കാറിലെത്തിയ കുടുംബത്തെ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു

കുടുംബം സഞ്ചരിച്ച കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചപ്പോള്‍.ചില്ല് പൊട്ടിച്ചതും ചിത്രത്തില്‍ കാണാം.


അമ്പലപ്പുഴ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്‌ക്ക്‌ എത്തിയ പ്രവർത്തകർ കാറിലെത്തിയ കുടുംബത്തെ  ആക്രമിച്ചു. കൊച്ചുകുട്ടികളടങ്ങിയ കുടുംബത്തെ തടഞ്ഞ്‌ അസഭ്യംപറഞ്ഞ പ്രവർത്തകർ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ കാർ തല്ലിത്തകർത്തു. 50ഓളം പേരാണ്  ആക്രമിച്ചത്. ഞായർ പകൽ 3.40ന്‌ ദേശീയപാതയിൽ പുറക്കാട് ജങ്ഷന്‌ സമീപം യാത്ര വരുന്നതിന്‌ മണിക്കൂറുകൾക്ക്‌ മുമ്പാണ്‌ സംഭവം. പുറക്കാട് സ്വദേശിയായ വിമുക്തഭടനും ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമാണ് കാറിലുണ്ടായിരുന്നത്. കോൺഗ്രസുകാർവന്ന ബസിന് വഴികൊടുക്കാനായി ഒതുക്കുന്നതിനിടെയാണ്‌ കാർ തടഞ്ഞത്‌. ആക്രോശിച്ചെത്തിയ പ്രവർത്തകരിലൊരാൾ മുൻഭാഗത്തെ ചില്ല് കല്ലുകൊണ്ട് ഇടിച്ചുപൊട്ടിച്ചു. കാറിലുണ്ടായിരുന്ന കുട്ടികൾ ഇതോടെ ഭയന്ന് നിലവിളിച്ചു. പൊലീസ് എത്തിയശേഷമാണ്‌ ഇവർക്ക് യാത്രതുടരാനായത്. കുടുംബം അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി. Read on deshabhimani.com

Related News