ഖത്തർ ലോകകപ്പിൽ താരമാകാൻ ബേപ്പൂർ ഉരു

സുറുമി ഉമ്മറും തച്ചൻ സുനിൽ കക്കാട്ടും ഉരുപ്പണിശാലയിൽ


ഫറോക്ക് > ഒരു ലോകകപ്പുപോലും ഇന്ത്യ കളിച്ചിട്ടില്ലെങ്കിലും ഖത്തർ ലോകകപ്പിൽ ഇക്കുറി ബേപ്പൂരുണ്ട്‌. ടീമും കളിക്കാരുമൊന്നുമല്ലെങ്കിലും ഖത്തർ ലോകകപ്പിൽ താരമാകുകയാണ്‌ ബേപ്പൂർ. ലോകകപ്പിലെ വിശിഷ്ടാതിഥികൾക്ക്‌ സമ്മാനമായി നൽകുക ബേപ്പൂരിന്റെ പൈതൃകമുദ്രയായ ഉരുവാണ്‌. ബേപ്പൂരിൽനിന്ന്‌ ഉരു കടൽ കടക്കാൻ തുടങ്ങിയിട്ട്‌ നൂറ്റാണ്ട്‌ പിന്നിട്ടുവെങ്കിലും ഇത്തവണ ഒന്നും രണ്ടുമല്ല, നൂറുകണക്കിനാണ്‌ അക്കരെയെത്തുക. ഒരു വ്യത്യാസം മാത്രം, പതിവുപോലെ ഭീമൻ ഉരുവല്ല, ‘ബോൺസായ്‌’ ആണ്‌ എന്ന്‌ മാത്രം. നാലിനം സമ്മാനങ്ങളിൽ  സാംസ്കാരിക വിഭാഗത്തിലാണ് ബേപ്പൂരിന്റെ പൈതൃകവും കരവിരുതും സമന്വയിക്കുന്ന കുഞ്ഞൻ ഉരു. ചരിത്രത്തിലാദ്യമായാണ് ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ കേരളത്തിൽനിന്നുള്ള കരകൗശല ഉൽപ്പന്നം സമ്മാനമായി തെരഞ്ഞെടുക്കപ്പെടുന്നത്‌. ബേപ്പൂരിലെ  അനേകം പണിശാലകളിൽ ഇവയുടെ നിർമാണം പുരോഗമിക്കുകയാണ്‌. ഇതിനകം നൂറുകണക്കിന് കുഞ്ഞൻ ഉരു ഖത്തറിൽ എത്തി. പരമ്പരാഗതമായി ഖത്തറിന്റെ ചരിത്രവും സാംസ്കാരിക പാരമ്പര്യവും  ഇണങ്ങുന്നതാണ് അതിഥികൾക്കുള്ള സമ്മാനങ്ങൾ.  ഖത്തറിന് നൂറ്റാണ്ടുകളായി ബേപ്പൂരുമായി ഇഴപിരിയാത്ത ബന്ധമുണ്ട്‌. ബേപ്പൂരിൽ നിർമിച്ച നിരവധി ഭീമൻ ഉരുക്കൾ ഖത്തറിൽ പ്രധാന ആഡംബര ജലയാനങ്ങളും ഒഴുകുന്ന ഹോട്ടലുകളുമാണ്. കുഞ്ഞൻ ഉരുക്കളും കാലങ്ങളായി കയറ്റി അയക്കുന്നു.  ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കത്തിന്റെ  ഭാഗമാകാനായതിൽ അഭിമാനമുണ്ടെന്ന്‌  40 വർഷമായി കുഞ്ഞൻ ഉരുക്കൾ നിർമിച്ച് കയറ്റി അയക്കുന്ന പി പി ഉമ്മർകോയ (സുറുമി ഉമ്മർകോയ) പറഞ്ഞു. ഇത്‌ വലിയ ബഹുമതിയാണെന്ന്‌ 35 വർഷമായി ഈ രംഗത്തുള്ള ബേപ്പൂരിലെ നമ്പയിൽ സുദർശനും പറയുന്നു.   Read on deshabhimani.com

Related News