അഗ്നിപഥ്‌ : വിൽക്കാൻവച്ച ബെമലിലും സംവരണം !



പാലക്കാട്‌   അഗ്നിപഥ്‌ മുഖേന സേനയിൽചേർന്ന്‌ നാലു വർഷത്തിനുശേഷം പുറത്താക്കുന്ന ‘അഗ്നിവീരന്മാർക്ക്‌’ പൊതുമേഖലാ സ്ഥാപന നിയമനങ്ങളിൽ  10 ശതമാനം സംവരണം നൽകുമെന്നത്‌ മറ്റൊരു കബളിപ്പിക്കൽ. പ്രതിരോധമന്ത്രാലയത്തിനുകീഴിലെ  സ്ഥാപനങ്ങളിലാണ്‌ സംവരണം ഏർപ്പെടുത്തുക. സംവരണ പട്ടികയിൽ ഉൾപ്പെടുത്തിയ  ഭാരത്‌ എർത്‌ മൂവേഴ്‌സ്‌ ലിമിറ്റഡ്‌(ബെമൽ) കോർപറേറ്റുകൾക്ക്‌ വിൽക്കാനുള്ള അവസാനഘട്ടത്തിലാണ്‌. കഴിഞ്ഞ വർഷം ആരംഭിച്ച ടെൻഡർ നടപടി പൂർത്തിയായി. വിദേശ കമ്പനി ഉൾപ്പെടെ രണ്ട്‌ കോർപറേറ്റ്‌ ഭീമന്മാരെ അവസാനപട്ടികയിൽ ഉൾപ്പെടുത്തി. ഉടൻ നടത്തിപ്പ്‌ അവകാശമടക്കം കോർപറേറ്റുകളുടെ കൈകളിലാകും. പിന്നീട്‌ നിയമനം കോർപറേറ്റുകളാകും നടത്തുക.  അവിടെ എങ്ങനെ കേന്ദ്രസർക്കാർ സംവരണം നടപ്പാക്കുമെന്ന ചോദ്യവും ഉയരുന്നു.   രാജ്യത്താകെയുള്ള ബെമൽ നിർമാണയൂണിറ്റുകളിൽ 6,200 സ്ഥിരം ജീവനക്കാരും 4,000 കരാർതൊഴിലാളികളുമുണ്ട്‌. 2012ന്‌ ശേഷം പുതിയ നിയമനമുണ്ടായിട്ടില്ല. സേനയ്‌ക്ക്‌ ആവശ്യമുള്ള വാഹനങ്ങൾ നിർമിക്കുന്നതിനുപുറമെ രാജ്യത്ത്‌ മെട്രോ കോച്ച്‌ നിർമിക്കുന്ന ഏക പൊതുമേഖലാസ്ഥാപനവുമാണിത്‌.  Read on deshabhimani.com

Related News