കടുവ കൂട്ടിലായി; ഭീതിയൊഴിഞ്ഞ്‌ മീനങ്ങാടി



ബത്തേരി > കടുവ കൂട്ടിലായതോടെ കടുവാപ്പേടി താൽക്കാലികമായി ഒഴിഞ്ഞ ആശ്വാസത്തിലാണ്‌ മീനങ്ങാടിക്കാർ.  പ്രദേശത്ത്‌ ഭീതിവിതച്ച ആറ്‌ വയസുള്ള പെൺകടുവ ഞായറാഴ്‌ച രാവിലെയാണ്‌ വനം വകുപ്പ്‌ സ്ഥാപിച്ച കൂട്ടിൽ കുരുങ്ങിയത്‌.  മൂന്ന്‌ മാസത്തോളമായി കടുവാപ്പേടിയിലായിരുന്നു  മീനങ്ങാടിയിലെയും പരിസരപ്രദേശങ്ങളിലെയും താമസക്കാർ.   ദേശീയപാത 766ലെ അമ്പലപ്പടിയിൽ റോഡ്‌ മുറിച്ചു കടക്കുന്ന കടുവയെ വാഹന യാത്രക്കാരാണ്‌ ആദ്യം കണ്ടത്‌. തുടർന്ന്‌ വനം വകുപ്പ്‌ നടത്തിയ പരിശോധനയിൽ പരിസരത്ത്‌ കണ്ട കാൽപ്പാടുകൾ കടുവയുടേതെന്ന്‌ തന്നെ സ്ഥിരീകരിച്ചു. പിന്നീടുള്ള പല ദിവസങ്ങളിലും കടുവയെ പലരും കൃഷിയിടങ്ങളിലും വഴിയോരത്തും കണ്ടതോടെ ഭീതിയേറി. വനത്തിൽനിന്നും ഏറെ അകലത്തുള്ള പ്രദേശങ്ങളായ അമ്പത്തിനാല്‌, കൃഷ്‌ണഗിരി, റാട്ടക്കുണ്ട്‌, മേപ്പേരിക്കുന്ന്‌, മൈലമ്പാടി, പുല്ലുമല, ആവയൽ, സീസി, അരിവയൽ അത്തിനിലം, ചൂരിമല, കൊളഗപ്പാറ തുടങ്ങിയ പ്രദേശങ്ങളിലാണ്‌ കടുവയുടെ സാന്നിധ്യം  കൂടുതലുണ്ടായത്‌. വളർത്തു മൃഗങ്ങളിൽ ചിലതിനെ കടുവ കൊന്ന്‌ ഭക്ഷിച്ചെങ്കിലും ആളുകളെ ഉപദ്രവിക്കാത്തത്‌ ആശ്വാസമായി. ചില കൃഷിയിടങ്ങളിൽ കടുവ കൊന്ന്‌ ഭക്ഷിച്ച മാൻ, കാട്ടുപന്നി എന്നിയുടെ അവശിഷ്‌ട‌ങ്ങൾ ശ്രദ്ധയിൽപ്പെട്ട വനം വകുപ്പ്‌ തികഞ്ഞ ജാഗ്രതയോടെയാണ്‌ പ്രവർത്തിച്ചത്‌.   ചെതലയം ഫോറസ്‌റ്റ്‌ റെയിഞ്ചിലെ ഡെപ്യൂട്ടി റെയിഞ്ചർ കെ വി ആനന്ദിന്റെ നേതൃത്വത്തിൽ രാത്രികാല പട്രോളിങ്‌ ഊർജിതപ്പെടുത്തി. പരിസരത്ത്‌ സ്ഥാപിച്ച ക്യാമറകളിൽ കടുവയുടെ ദൃശ്യം സ്ഥിരീകരിച്ചതോടെ ഭൂദാനം സ്‌കൂളിനടുത്ത്‌ 20 ദിവസം മുമ്പ്‌ കൂട്‌ സ്ഥാപിച്ചു. കൂടിന്‌ 50 മീറ്റർ ദൂരപരിധിയിൽ നിരവധി വീടുകളുണ്ട്‌. അതിനാൽ നിരീക്ഷണവും ശക്തമാക്കി. രാവിലെ അഞ്ചരയോടെ കടുവ കൂട്ടിലകപ്പെട്ടത്‌ നിരീക്ഷണത്തിന്‌ ഏർപ്പെടുത്തിയ ജീവനക്കാരാണ്‌ ആദ്യം കണ്ടത്‌.   പിന്നീട്‌ ഇരുളം ഫോറസ്‌റ്റ്‌ സ്‌റ്റേഷനിൽനിന്നും എത്തിയ വനപാലക സംഘം നാട്ടുകാരുടെ സഹായത്തോടെ കടുവയെ കൂട്‌ സഹിതം ട്രാക്‌ടറിൽ കയറ്റി ഇരുളത്ത്‌ എത്തിച്ചു. ഉച്ചയേടെ സ്ഥലത്തെത്തിയ വനം വകുപ്പ്‌ സീനിയർ സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ നടത്തിയ ദേഹ പരിശോധനയിൽ കടുവയ്‌ക്ക്‌ ബാഹ്യമായ പരിക്കുകളില്ലെന്ന്‌ കണ്ടെത്തി. രണ്ട്‌ ദിവസം കൂടി നിരീക്ഷണത്തിൽ സൂക്ഷിച്ച ശേഷം കടുവയെ തുറന്നു വിടുന്ന കാര്യത്തിൽ സംസ്ഥാനത്തെ മുഖ്യവനപാലകൻ തീരുമാനമെടുക്കും. Read on deshabhimani.com

Related News