ചരിത്രനേട്ടം കുറിച്ച്‌ ബാരാപോൾ; വൈദ്യുതി ഉൽപ്പാദനം 40.52 ദശലക്ഷം യൂണിറ്റിൽ

വൈദ്യുതി ഉൽപ്പാദിപ്പിച്ച ശേഷം ബാരാപോളിൽനിന്നുള്ള വെള്ളം പുഴയിലേക്ക്‌ ഒഴുക്കുന്നു


ഇരിട്ടി > രാജ്യം രൂക്ഷമായ ഊർജപ്രതിസന്ധി നേരിടുമ്പോൾ ജില്ലയുടെ ഏക ജലവൈദ്യുതി പദ്ധതിയായ ബാരാപോളിന്‌ വൈദ്യുതി ഉൽപ്പാദനത്തിൽ ചരിത്ര നേട്ടം. സ്ഥാപിതശേഷിയായ 36 ദശലക്ഷം യൂണിറ്റ്‌ നാലുമാസത്തിനകം  ഉൽപ്പാദിപ്പിച്ചാണ്‌ ബാരാപോൾ റെക്കോഡിട്ടത്‌. ഇതോടെ കെഎസ്ഇബിയുടെ സംസ്ഥാനത്തെ മുൻനിര ചെറുകിട ജല വൈദ്യുത പദ്ധതികളൂടെ പട്ടികയിലേക്ക്‌ ബാരാപോൾ ഇടം നേടി.   വ്യാഴം രാവിലെ ഊർജ ഉൽപ്പാദനം  40.52 ദശലക്ഷം യൂണിറ്റിലെത്തി. 2017ൽ  40.51 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ഉൽപ്പാദിപ്പിച്ച റെക്കോഡ്‌ മറികടന്നു. മഴയിൽ നീരൊഴുക്ക് ശക്തമായ സാഹചര്യം പ്രയോജനപ്പെടുത്തി അഞ്ച്‌ മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളും രാപ്പകൽ പ്രവർത്തിപ്പിച്ചാണ്‌  ഉൽപാദനമെന്ന്‌ അസി. എൻജിനീയർ അനീഷ് അരവിന്ദ് പറഞ്ഞു. ഉൽപ്പാദനം ഈ നിലയിൽ തുടർന്നാൽ 50 മെഗാവാട്ട് മറികടക്കാൻ സാധിച്ചേക്കും.  2016- ഫെബ്രുവരി 29ന് രാജ്യത്തിന് സമർപ്പിച്ച പദ്ധതിയിൽനിന്ന്‌ ഇതുവരെ 150 ദശലക്ഷം യൂണിറ്റ് ഉൽപ്പാദനമുണ്ടായി.   ബ്രഹ്മഗിരി മലനിരകളിൽനിന്ന്‌ ഉത്‌ഭവിക്കുന്ന ബാരാപോൾ പുഴയിലെ ജലം മൂന്നര കിലോമീറ്റർ നീളമുള്ള കനാലിലൂടെ പവർഹൗസിൽ എത്തിച്ചാണ്  ഉൽപാദനം. രണ്ട്‌ പ്രളയങ്ങൾ ബാരാപോൾ പദ്ധതിയെ ഉലച്ചിരുന്നു. ആദ്യ പ്രളയത്തിൽ ജനറേറ്ററുകളുടെ റണ്ണർ ഉൾപ്പെടെ പ്രവർത്തനരഹിതമായതോടെ ഉൽപ്പാദനം നിർത്തി. അറ്റകുറ്റപ്പണി നടത്തി  2019ൽ പ്രവർത്തനം പുനരാരംഭിച്ചു. അസി. എൻജിനീയർ മാത്രമാണ് ഇവിടെ സ്ഥിരം ജീവനക്കാരൻ.  ബാക്കിയുള്ളവർ കരാറുകാരാണ്‌.  ധാരാളം സഞ്ചാരികൾ എത്തുന്ന ബാരാപോളിൽ വിനോദസഞ്ചാര പദ്ധതി വേണമെന്ന ആവശ്യവും ഉയരുന്നു. Read on deshabhimani.com

Related News