ബാർ കോഴക്കേസ്‌ : എഡിറ്റ്‌ ചെയ്‌ത സിഡി: ബിജു രമേശിനെതിരെ നടപടിക്ക്‌ നിർദേശം



കൊച്ചി ബാർ കോഴക്കേസിൽ എഡിറ്റ് ചെയ്ത സിഡി ഹാജരാക്കിയ ബിജു രമേശിനെതിരായ പരാതിയിൽ നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദേശം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട്‌ കോടതിക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്‌. വ്യാജതെളിവ് ഹാജരാക്കിയെന്ന പരാതി പരിഗണിക്കേണ്ടത്‌ ബാർ കോഴക്കേസ് പരിഗണിച്ച വിജിലൻസ് കോടതിയാണെന്ന മജിസ്ട്രേട്ടിന്റെ നിലപാട് നിയമപരമല്ലെന്ന് ജസ്റ്റിസ് നാരായണ പിഷാരടി വ്യക്തമാക്കി. വ്യാജരേഖകൾ ഹാജരാക്കിയതിനും രഹസ്യമൊഴിയിൽ തെറ്റായ വിവരങ്ങൾ നൽകിയതിനും ബിജുവിനെതിരെ നടപടി ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ അഡ്വ. ശ്രീജിത്‌ പരമേശ്വരൻ നൽകിയ ഹർജി മജിസ്ട്രേട്ട്‌ കോടതി മടക്കിയിരുന്നു. ഇതിനെതിരെ ശ്രീജിത്‌ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ബാർ ലൈസൻസ് പുതുക്കാൻ മന്ത്രിമാരായ കെ ബാബുവിനും വി എസ് ശിവകുമാറിനും രമേശ് ചെന്നിത്തലയ്‌ക്കും കോഴ കൊടുത്തു എന്നാണ്‌ ബാർ കോഴക്കേസിലെ ആരോപണം. കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ രമേശ് ചെന്നിത്തലയുടെ പേര് ഒഴിവാക്കി. മൊബെൽ ഫോണും സംഭാഷണം അടങ്ങുന്ന സിഡിയും കോടതിയിൽ ഹാജരാക്കിയെങ്കിലും സിഡിയിൽ കൃത്രിമം നടന്നതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. രഹസ്യമൊഴിയിൽ രമേശ് ചെന്നിത്തലയുടെ പേര് ഒഴിവാക്കിയെന്നും ഹർജിക്കാരൻ ആരോപിച്ചു. Read on deshabhimani.com

Related News