ഹിൻഡൻബർഗ്‌ റിപ്പോർട്ട്‌: തുറന്നുകാട്ടിയത്‌ ചങ്ങാത്ത മുതലാളിത്തത്തിന്റെ യഥാർഥമുഖം- മന്ത്രി എം ബി രാജേഷ്

ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ബാങ്ക് ഓഫ് ബറോഡ എംപ്ലോയീസ് അസോസിയേഷന്‍ ദേശീയ സമ്മേളനം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു


തിരുവനന്തപുരം> രാജ്യത്തെ ചങ്ങാത്ത മുതലാളിത്തത്തിന്റെ യഥാർഥ മുഖമാണ്‌ ഹിൻഡൻബർഗ്‌ റിപ്പോർട്ട്‌ തുറന്നുകാട്ടുന്നതെന്ന്‌ മന്ത്രി എം ബി രാജേഷ്‌. ഓൾ ഇന്ത്യ കൗൺസിൽ ഓഫ്‌ ബാങ്ക്‌ ഓഫ്‌ ബറോഡ എംപ്ലോയീസ്‌ അസോസിയേഷൻ ദേശീയ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അദാനിയുടെ സമ്പാദ്യം 50,000 കോടിയായിരുന്നത്‌ മോദി പ്രധാനമന്ത്രിയായി ആദ്യ ടേം അവസാനിക്കുമ്പോൾ ഇരട്ടിയായി. രണ്ടാം മോദി സർക്കാരിന്റെ കാലത്ത്‌ മൂന്നുവർഷംകൊണ്ട്‌ പത്തിരട്ടിയായി വർധിച്ചു. കോവിഡ്‌ കാലത്ത്‌ 813 ശതമാനമാണ്‌ വർധിച്ചത്‌. മോദി ഭരണകാലത്ത്‌ 11.5 ലക്ഷം കോടിയുടെ കോർപറേറ്റ്‌ വായ്‌പയാണ്‌ എഴുതിത്തള്ളിയത്‌. ബാങ്ക് ലയനത്തിന്റെ ഭാഗമായി ശാഖയുടെ എണ്ണത്തിലും ജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ടായി. ചരിത്രത്തിൽ ആദ്യമായി സ്വകാര്യ ബാങ്ക് ജീവനക്കാരുടെ എണ്ണം പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ എണ്ണത്തേക്കാൾ അധികമായി. കേന്ദ്രം പിന്തുടരുന്ന നവലിബറൽ നയങ്ങൾക്കെതിരെ ശരിയായ ബദലാണ്‌ കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കൗൺസിൽ പ്രസിഡന്റ്‌ ശശിഭൂഷൺ മോഹന്തി അധ്യക്ഷനായി. ബെഫി അഖിലേന്ത്യ പ്രസിഡന്റ് സി ജെ നന്ദകുമാർ, അഖിലേന്ത്യ ജോയിന്റ്‌ സെക്രട്ടറി എസ് എസ് അനിൽ, സംസ്ഥാന ജനറൽ സെക്രട്ടറി എൻ സനിൽ കുമാർ, സംഘാടകസമിതി ചെയർമാൻ പി വി ജോസ്, ജനറൽ കൺവീനർ എസ് എൽ ദിലീപ് എന്നിവർ സംസാരിച്ചു. സമ്മേളനം ഞായറാഴ്‌ച സമാപിക്കും.   Read on deshabhimani.com

Related News