വ്യാജ തോക്കുകൾ പിടിച്ചെടുത്ത സംഭവം: ബാങ്കിംഗ് പുറംകരാർവത്ക്കരണ നടപടികൾ ഉടൻ അവസാനിപ്പിക്കണം‐ ബെഫി



കൊച്ചി> കൊച്ചിയിൽ വ്യാജ ലൈസൻസോടെയുള്ള തോക്കുകൾ ഉപയോഗിച്ചതിന്‌ സ്വകാര്യ കമ്പനിയുടെ 19 സുരക്ഷാ ജീവനക്കാർ അറസ്‌റ്റിലായ സംഭവം ബാങ്കിങ്‌  മേഖലയിലെ  പുറം കരാർ നയത്തിലെ  വീഴ്‌ചയാണ്‌ സൂചിപ്പിക്കുന്നതെന്ന്‌ ബെഫി സംസ്‌ഥാന കമ്മിറ്റി.  പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ബാങ്ക് എടിഎമ്മുകളിൽ പണം നിറക്കുന്ന മുംബൈ ആസ്ഥാനമായ ഏജൻസിയുടെ സെക്യൂരിറ്റി ജീവനക്കാരാണ് അറസ്റ്റിലായത്. ഏറ്റവും സുരക്ഷിതമായി ചെയ്യേണ്ട കറൻസി വിതരണം പോലും എത്ര ലാഘവത്തോടെയും കെടുകാര്യസ്ഥതയോടെയുമാണ് അധികാരികൾ കൈകാര്യം ചെയ്യുന്നത്‌.   ബാങ്കുകളുടെ വിശ്വാസ്യതയെപ്പോലും പ്രതികൂലമായി ബാധിക്കുന്ന പുറംകരാർവത്ക്കരണ നയങ്ങൾ പുന:പരിശോധിക്കുകയും  പിൻവലിക്കുകയും അത്തരം തസ്തികകളിൽ സ്ഥിരം ജീവനക്കാരെ നിയമിക്കാൻ തയ്യാറാവുകയും ചെയ്യണമെന്ന് ബിഇഎഫ്ഐ. സംസ്ഥാനപ്രസിഡന്റ്‌ ടി നരേന്ദ്രനും ജനറൽ സെക്രട്ടറി എസ്‌എസ്‌ അനിലും ആവശ്യപ്പെട്ടു. ബാങ്കുകളിലെ പുറംകരാർവത്ക്കരണം ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ചകൾക്കും കാരണമായിത്തീരുമെന്ന് സംഘടനകൾ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.  എന്നാൽ സ്വകാര്യ ഏജൻസിയുടെ വാഹനത്തിൽ സ്വകാര്യ സുരക്ഷാ ജീവനക്കാരുടെ കൂടെ കറൻസി വിതരണത്തിനായി യാത്ര ചെയ്യാൻ വിസമ്മതിച്ച ജീവനക്കാർക്കെതിരെ ശിക്ഷാ നടപടികൾ കൈക്കൊള്ളുകയായിരുന്നു ബാങ്കധികാരികൾ ചെയ്തിരുന്നത്. ബാങ്കുകളുടെ വിശ്വാസത്തെ തന്നെ തകർക്കുന്ന ഇത്തരം നയങ്ങൾ ബാങ്കിംഗ് മേഖലയിൽ വലിയ അരാജകത്വത്തിന് കാരണമായിരിക്കുകയാണെന്നും  ഇരുവരും പ്രസ്‌താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News