ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ : ദി മോദി ക്വസ്റ്റ്യൻ’ കേരളത്തിൽ പ്രദർശിപ്പിക്കും:ഡി വൈ എഫ് ഐ, എസ്എഫ്ഐ



തിരുവനന്തപുരം>  പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി “ഇന്ത്യ – ദി മോദി ക്വസ്റ്റ്യന്‍” കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐയും എസ്എഫ്ഐയും അറിയിച്ചു.  ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ആണ്  ഫെയ്‌‌സ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ബുധനാഴ്‌ച  കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്നാണ് എസ്എഫ്ഐ നേതൃത്വം അറിയിച്ചിട്ടുള്ളത്. ബിബിബി ഡോക്യുമെൻററിക്ക്  കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലാണ് പ്രദർശനം. അധികാരം നിലനിര്‍ത്താന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ച മുസ്ലീം വിരുദ്ധ നിലപാടുകളെ കുറിച്ചാണ് രണ്ടാംഭാഗം എന്ന് ബിബിസി വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ട്വിറ്ററും, യൂട്യൂബും മോദിക്കെതിരായ ഡോക്യുമെന്ററി നീക്കം ചെയ്തിരുന്നു.രാജ്യത്തിന്റെ അഖണ്ഡതക്കും, സുരക്ഷക്കും, നയതന്ത്ര ബന്ധങ്ങള്‍ക്കും തിരിച്ചടിയാകുമെന്ന് കണ്ടാല്‍ ഉള്ളടക്കം നിരോധിക്കാമെന്ന 2021ലെ ഐടി നിയമത്തിലെ 16ാം വകുപ്പ് ഉപയോഗിച്ചാണ് ഡോക്യുമെന്ററി നിരോധിച്ചത്.ഗുജറാത്ത്‌ വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക്‌ വെളിപ്പെടുത്തിയുള്ളതായിരുന്നു ഡോക്യുമെൻററിയുടെ ആദ്യഭാഗം . ആദ്യഭാഗത്തിന്റെ യു ട്യൂബ് , ട്വിറ്റർ ലിങ്കുകൾ നീക്കം ചെയ്യാൻ കേന്ദ്രം നിർദേശിച്ചിരുന്നു. അതേസമയം  ബിബിസി ഡോക്യൂമെന്ററിയുടെ രണ്ടാം ഭാഗം നാളെ ജെഎൻയു ക്യാമ്പസിൽ പ്രദര്‍ശിപ്പിക്കുന്നത് വിലക്കി സ‍ര്‍വ്വകലാശാല രജിസ്റ്റാ‍ര്‍ ഉത്തരവിറക്കി. നാളെ നിശ്ചയിച്ച ഡോക്യുമെന്ററി പ്രദര്‍ശന പരിപാടി റദ്ദാക്കണമെന്നും പരിപാടിക്ക് അനുവാദം നൽകിയിട്ടില്ലെന്നും വിശദീകരിച്ചാണ് ജെ എൻ യു സർവ്വകലാശാല സര്‍ക്കുലര്‍ പുറത്തിറക്കിയത്. ക്യാമ്പസിനുള്ളിലെ സമാധാന അന്തരീക്ഷം തകർക്കരുത്. ഡോക്യുമെന്ററി പ്രദര്‍ശനം പാടില്ലെന്ന നിർദ്ദേശം ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നുമാണ് സർവ്വകലാശാലാ മുന്നറിയിപ്പ്. ഡോക്യുമെന്ററി നാളെ രാത്രി 9 മണിക്ക് ജെഎന്‍യു ക്യാമ്പസിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസില്‍ പ്രദര്‍ശിപ്പിക്കാന്‍ ഇരിക്കവെയാണ് സര്‍വ്വകലാശാലയുടെ ഇടപെടല്‍.   Read on deshabhimani.com

Related News