അകലാട്‌ അപകടം: അപകടകാരണം അമിതഭാരവും പഴകിയ കയറും



പുന്നയൂർ(തൃശൂര്‍)> സുരക്ഷാക്രമീകരണങ്ങളില്ലാതെ ഭാരം കയറ്റിവന്ന  കണ്ടെയ്‌നർ  ലോറി കവർന്നത് രണ്ടു ജീവൻ. ചാവക്കാട്‌ അകലാട് സ്വദേശികളായ രണ്ടുപേരുടെ ജീവൻ അപഹരിച്ചത്   സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ദേശീയപാതയിൽ പാഞ്ഞ ചരക്ക് ലോറിയിലെ കയർ പൊട്ടി തെറിച്ചുവീണ ഇരുമ്പുപാളികൾ. റോഡരികിൽ  നിന്നിരുന്ന രണ്ടുപേരാണ്  തൽക്ഷണം മരിച്ചത്.  ഒന്നരമീറ്റർ നീളവും വീതിയുമുള്ള ​ഗാൽവനൈസ്ഡ് അലൂമിനിയം  പാളിയും അത് പൊതിയുന്നതിന് ഉപയോ​ഗിക്കുന്ന അലുമിനിയം ഫ്രെയിമുമടക്കം ഇരുനൂറ് കിലോയോളം വരുന്ന 500ലധികം പാളികളാണ് വാഹനത്തിലുണ്ടായിരുന്നത്.  സുബഹി നമസ്കാരം കഴിഞ്ഞു അകലാട് സ്കൂൾ ബസ്‌സ്റ്റോപ്പിൽ  നിന്നിരുന്ന  മുഹമ്മദാലി ഹാജി (70), ഹോട്ടൽ തൊഴിലാളിയായ കിഴക്കേതറയിൽ ഷാജി (45)യുടെ ബൈക്ക്‌  കൈകാണിച്ച് നിർത്തിയതായിരുന്നു. ഈ സമയത്താണ്  അപ്രതീക്ഷിതമായി മരണം ഇരുവരേയും തേടിയെത്തിയത്. കേന്ദ്ര ഗതാഗത നിയമപ്രകാരം 20 അടി കണ്ടെയ്‌നർ ലോറിയിൽ കൂടിയ ഭാരം 40 ടണ്ണും സാധാരണ ചരക്ക് ലോറികളിൽ 25 ടണ്ണുമാണ്‌.    ഇരട്ടിയിലധികം ഭാരം കയറ്റിയാണ് അപകടമുണ്ടാക്കിയ ലോറി പോയിരുന്നത്.  കേവലം ഒറ്റ വടം ഉപയോ​ഗിച്ചാണ്‌ പാളികൾ കെട്ടിയിരുന്നത്.ഈ വാഹനത്തിൽ നിന്നും മരിച്ചവരുടെ ദേഹത്തേക്ക് വീണ സാധനങ്ങൾ ജെസിബി ഉപയോ​ഗിച്ച്നീക്കം ചെയ്യാൻ തന്നെ ഒന്നര മണിക്കൂറിലധികം സമയമെടുത്തു.     ദേശീയപാത 66 ടിപ്പു സുൽത്താൻ റോഡിൽ മണത്തലക്കും പാലപ്പെട്ടിക്കും   ഇടയിൽ നിരവധി അപകടങ്ങളാണ്  ഉണ്ടാകുന്നത്. കണ്ടെയ്‌നർ ലോറികളുടെ ഡ്രൈവറും സഹായികളുമടക്കമുള്ളവർ പലപ്പോഴും ലഹരി ഉപയോ​ഗിച്ചാണ് വാഹനങ്ങൾ ഓടിക്കുന്നതെന്നും ആക്ഷേപമുണ്ട്.  അപകടത്തിന് കാരണമായ  വാഹനത്തിലെ ഡ്രൈവർ ഓടി രക്ഷപ്പെട്ടുവെങ്കിലും സഹായിയെ നാട്ടുകാർ പിടികൂടി. ഇയാൾ ലഹരി ഉപയോ​ഗിച്ചതായി സംശയിക്കുന്നുണ്ട്. പഴകിയ വടമായതിനാലാകാം  പൊട്ടാനിടയാക്കിയതെന്ന്‌ കരുതുന്നതായി ആർടിഒ അധികൃതർ പറഞ്ഞു.   Read on deshabhimani.com

Related News