തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം: തൊഴിലിടങ്ങളിലെ സ്ത്രീ സാന്നിധ്യം വർധിപ്പിക്കുന്നതിൽ നിർണായക ഇടപെടലെന്ന് മന്ത്രി



തിരുവനന്തപുരം> സ്‌ത്രീ ശാക്തീകരണ പ്രക്രിയയിലും സംസ്ഥാനത്തെ തൊഴിലിടങ്ങളിലെ സ്ത്രീ സാന്നിധ്യം വർധിപ്പിക്കുന്നതിലും നിർണായക ഇടപെടലാണ് 'തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം' പദ്ധതിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പദ്ധതിയുടെ ഭാഗമായി ഈ സാമ്പത്തിക വർഷം സ്ഥലം ലഭിക്കുന്നതനുസരിച്ച് പരമാവധി ക്രഷുകൾ ആരംഭിക്കും. തൊഴിൽ ചെയ്യുന്ന അമ്മമാർക്ക് കുഞ്ഞിനെപ്പറ്റിയുള്ള ആകുലത വളരെ വലുതാണ്. 6 മാസം കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രമേ നൽകാവൂ. അത് കഴിഞ്ഞ് ജോലിക്ക് പോകുമ്പോൾ കുഞ്ഞിനെ വിട്ടുപിരിയുന്നതിന്റെ വേദനയാണ്. പല അമ്മമാരും കുഞ്ഞിന്റെ സംരക്ഷണം ഉറപ്പാക്കാൻ ജോലിയുപേക്ഷിക്കുന്ന അവസ്ഥയുമുണ്ട്. ഈയൊരു സാഹചര്യം കൂടി ഉൾക്കൊണ്ടാണ് തൊഴിലിടങ്ങളിൽ ക്രഷുകൾ ആരംഭിക്കാൻ തീരുമാനിച്ചത്. സ്വകാര്യ മേഖലയിലും ക്രഷുകൾ ഉണ്ടാകണമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും പിഎസ്‌സി ഓഫീസിൽ സജ്ജമാക്കിയ ആദ്യ ക്രഷിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ തൊഴിലിടങ്ങളിലെ സ്‌ത്രീകൾ ഓരോ വർഷം കഴിന്തോറും വർധിക്കുന്നുണ്ടെങ്കിലും ജനസംഖ്യാ ആനുപാതികമായി ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. പല സാമൂഹിക കാര്യങ്ങളാലും സ്ത്രീകൾ തൊഴിലിടം ഉപേക്ഷിക്കുന്നുണ്ട്. കുഞ്ഞുങ്ങൾക്ക് മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനും പൊതുയിടങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും 2017ലെ മെറ്റേണിറ്റി ബെനിഫിറ്റ് ആക്‌ടിൽ അനുശാസിക്കും വിധം തൊഴിലിടങ്ങളിൽ ക്രഷുകൾ ആരംഭിക്കാൻ തീരുമാനിച്ചത്. ഇതിൽ ആദ്യത്തേതാണ് പട്ടം പിഎസ്‌സി ഓഫീസിൽ തുടങ്ങിയത്. ഈ ക്രഷ് മാതൃകാപരമായി യാഥാർത്ഥ്യമാക്കാൻ പിന്തുണച്ച പിഎസ്‌സിക്ക് മന്ത്രി നന്ദി പറഞ്ഞു. ഐടി മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി വനിത ശിശുവികസന വകുപ്പ് ഇടപെടലുകൾ നടത്തി വരുന്നു. വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ റീ സ്‌കില്ലിംഗ് പ്രോഗ്രാമും നടന്നു വരുന്നു. തിരുവനന്തപുരം ജില്ലയിലെ കിൻഫ്ര ക്യാമ്പസ്, വെള്ളായണി കാർഷിക സർവകലാശാല, ആലപ്പുഴ ജില്ലയിലെ കൃഷ്‌ണ‌‌പുരം പഞ്ചായത്ത്, എറണാകുളം കളക്‌ടറേറ്റ്, പാലക്കാട് ചിറ്റൂർ മിനി സിവിൽ സ്‌റ്റേഷൻ, കോഴിക്കോട് കളക്ടറേറ്റ്, വയനാട് കല്പ്പറ്റ സിവിൽ സ്‌റ്റേഷൻ, കാസർഗോഡ് ജില്ലയിലെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലും ഉടൻ തന്നെ ഈ പദ്ധതി ആരംഭിക്കുന്നതാണ്. കുഞ്ഞുങ്ങളെ സംബന്ധിച്ച് സുപ്രധാനമായ പദ്ധതികളാണ് സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കി വരുന്നത്. 3 വയസുവരെയുള്ള കുട്ടികൾക്ക് ക്രഷുകൾ ആരംഭിക്കുന്നു. 3 മുതൽ 6 വയസുവരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള അങ്കണവാടികൾ സ്മാർട്ടാക്കി വരുന്നു. 204 സ്മാർട്ട് അങ്കണവാടി കെട്ടിടങ്ങൾക്ക് നിർമ്മാണാനുമതി നൽകിയിട്ടുണ്ട്. അതിൽ രണ്ടെണ്ണം യാഥാർത്ഥ്യമാക്കി. അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും പദ്ധതി നടപ്പിലാക്കി. ഇത് പൂർണമായും സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണ്. 61.5 കോടി രൂപയാണ് ഈ പദ്ധതിയ്ക്കായി അനുവദിച്ചത്. മുലയൂട്ടലിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന കെ.എസ്.ആർ.ടി.സി. ബസ് ബ്രാൻഡിംഗിന്റെ ഫ്‌ളാഗോഫും മന്ത്രി നിർവഹിച്ചു. പിഎസ്‌സി ചെയർമാൻ അഡ്വ. എം കെ സക്കീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ മുഖ്യാതിഥിയായി. പിഎസ്‌സി അംഗം വി.ആർ രമ്യ, സെക്രട്ടറി സാജു ജോർജ് എന്നിവർ ആശംസകളർപ്പിച്ചു. വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ജി. പ്രിയങ്ക സ്വാഗതവും ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസർ എസ്. സബീനബീഗം നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News