സ്വപ്‌നകൂടൊരുക്കാൻ... ഈ പൊങ്കാല ഇഷ്‌ടികകൾ‌



തിരുവനന്തപുരം> ആറ്റുകാൽ പൊങ്കാലയുടെ ശേഷിപ്പായി ന​ഗരവീഥികളിൽ അനാഥമായ ചൂടാറാത്ത ഇഷ്ടികകൾ ശേഖരിച്ച് ശുചീകരണതൊഴിലാളികൾ. കൈപൊള്ളിക്കുന്ന ചൂടിനെ വകവയ്‌ക്കാതെ ഇവർ സമാഹരിച്ച കട്ടകൾക്ക് സ്വപ്‌നങ്ങളുടെ ഭാരമുണ്ട്. അടച്ചുറപ്പുള്ള വീടെന്ന ആയിരങ്ങളുടെ സ്വപ്‌നത്തിന് സർക്കാരും കോർപ്പറേഷനും നടപ്പാക്കുന്ന ഭവനപദ്ധതികളെ ബലപ്പെടുത്താനുള്ളതാണിവ. പൊങ്കാലയ്‌ക്ക് ഉപയോ​ഗിച്ച ശേഷം ഉപേക്ഷിക്കുന്ന ഇഷ്ടികകൾ ശേഖരിച്ച് വീട് വയ്ക്കാൻ ബുദ്ധിമുട്ടുന്നവർക്ക് നൽകാനുള്ള തയ്യാറെടുപ്പിലാണ് കോർപ്പറേഷൻ. മുൻവർഷങ്ങളിൽ വിജയമായ പദ്ധതി കോവിഡ് ഇടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിക്കുന്നതിനുള്ള നടപടികളും കോർപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്. അർഹരായവരിലേക്ക് ഇഷ്ടികൾ‌ എത്തിക്കാൻ നിർധന കുടുംബങ്ങളുടെ അപേ​ക്ഷ സ്വീകരിച്ചുതുടങ്ങി. അപേക്ഷയുടെ അടിസ്ഥാനത്തിൽ ഉദ്യോ​ഗസ്ഥർ നേരിട്ട് ബോധ്യപ്പെട്ട ശേഷമാണ് ഇഷ്‌ടികകൾ വിതരണം ചെയ്യുന്നത്. പാളയം, തമ്പാനൂർ, സെക്രട്ടറിയറ്റ്, ജിപിഒ ജങ്ഷൻ, ആറ്റുകാൽ, മണക്കാട്, യൂണിവേഴ്‌സിറ്റി കോളേജ്, വഞ്ചിയൂർ തുടങ്ങിയ ഇടങ്ങളിൽ ഇഷ്‌ടിക ശേഖരിച്ച് പ്രത്യേകയിടത്തേക്ക് മാറ്റാനാണ് കോർപ്പറേഷന്റെ തീരുമാനം. 2018ൽ വി കെ പ്രശാന്ത് മേയറായിരുന്നപ്പോൾ മുതലാണ് കോർപ്പറേഷൻ ഇത്തരത്തിൽ കട്ടകൾ ശേഖരിച്ചത്. ആ വർഷം തന്നെ എട്ടിലധികം വീടുകളുടെ പൂർത്തീകരണത്തിന് ഈ ഇഷ്‌ടികകളാണ് ഉപയോ​ഗിച്ചത്. താത്‌പര്യമുള്ളവർ ഉപയോ​ഗിച്ച ഇഷ്‌ടിക സംഭാവന ചെയ്യണമെന്ന പ്രചരണം നടത്തിയതിന് ശേഷം, ​​​ഗ്രീൻ ആർമി എന്ന സന്നദ്ധസംഘടന രൂപീകരിച്ചായിരുന്നു ഇഷ്‌ടിക ശേഖരിച്ചത്. ഇത്തരത്തിൽ ശേഖരിച്ച ഒന്നരലക്ഷത്തോളം ഇഷ്‌ടികകളാണ് വിതരണം ചെയ്‌തത്. ഒരാൾ‌ക്ക് ഏകദേശം എണ്ണായിരത്തോളം ഇഷ്‌ടിക നൽകാനും കഴിഞ്ഞിരുന്നു. 2019ലും ആറ് വീടുകളുടെ നിർമാണത്തിന് പൊങ്കാല ഇഷ്‌ടിക കോർപ്പറേഷൻ നൽകി. ലൈഫ് പോലെയുള്ള ഭവനപദ്ധതികളുടെ ​ഗുണഭോക്താക്കളിൽ നിർധനരായവരെ കണ്ടെത്തിയാണ് ഇഷ്‌ടിക നൽകുന്നതെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. ഇതിനുള്ള അപേക്ഷകൾ ​ഗുണഭോക്താക്കളിൽ നിന്ന് സ്വീകരിച്ചുതുടങ്ങിയെന്ന് മേയർ പറഞ്ഞു. Read on deshabhimani.com

Related News