മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ച പ്രതികളെ മാലയിട്ട്‌ സ്വീകരിച്ച്‌ കോൺഗ്രസ്‌



കണ്ണൂർ> മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ  ആക്രമിക്കാൻ ശ്രമിച്ച പ്രതികൾക്ക്‌ മാലയിട്ട്‌ സ്വീകരണം നൽകി കോൺഗ്രസ്‌. യൂത്ത്‌ കോൺഗ്രസ്‌ മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ കുമാർ എന്നിവരെയാണ്‌ കണ്ണൂർ കോൺഗ്രസിന്റെ നേതൃത്വത്തിൽ സ്വീകിച്ചത്‌.  ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജയിൽമോചിതരായ ഇവരെ നേരത്തെ പൂജപ്പുര സെൻട്രൽ ജയിലിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകിയിരുന്നു. കെ സുധാകരന്റെ അടുത്ത അനുയായികളാണ് വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതികളായ  യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍.   ഫര്‍സിന്‍ മജീദ് നേരത്തെയും ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ട്. എടയന്നൂരില്‍ സി പി ഐ എം പ്രവര്‍ത്തകരെ ആക്രമിച്ചതുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് .   മുട്ടന്നൂര്‍ എയ്ഡഡ് യുപി സ്‌കൂള്‍ അധ്യാപകനായിരുന്ന ഇയാളെ പിന്നീട് സസ്‌പെന്റ് ചെയ്യുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ്സ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ ആര്‍ കെ നവീന്‍കുമാറും മട്ടന്നൂര്‍ മേഖലയിലെ അക്രമ സംഭവങ്ങളുടെ സ്ഥിരം നേതൃത്വമാണ്. കോൺഗ്രസ്‌ ഉന്നത നേതാക്കളുടെ അറിവോടെയായിരുന്നു  ആക്രമണ പദ്ധതി. നേരത്തേ ടിക്കറ്റെടുത്താൽ മനസ്സിലാകുമെന്നതിനാലാണ്‌  അവസാന സമയത്താക്കിയത്‌. മട്ടന്നൂരിലെ ട്രാവൽ ഏജൻസിവഴിയാണ്‌ ഫർസീൻ മജീദ്‌ മൂന്നുപേർക്ക്‌ ടിക്കറ്റെടുത്തത്‌. നാലാമത്തെയാൾ നേരത്തെ ടിക്കറ്റെടുത്തിരുന്നു. മൂന്നുപേർക്കും കൂടിയ നിരക്കിലുള്ള ടിക്കറ്റാണ്‌ മട്ടന്നൂരിലെ ഏജൻസി കൊടുങ്ങല്ലൂരിലെ മറ്റൊരു ഏജൻസിവഴി എടുത്തത്‌. മൂന്ന്‌ ടിക്കറ്റിന്റെയും പണം നൽകിയിട്ടുമില്ല. മട്ടന്നൂരിലെ ഏജൻസിയുടമയും ഫർസീൻ മജീദും തമ്മിലുള്ള ബന്ധത്തിന്റെപേരിലാണ്‌ പണം നൽകാതെ ടിക്കറ്റെടുത്തു നൽകിയത്‌.   ട്രാവൽ ഏജൻസിക്ക്‌ സംഭവം അറിയാമായിരുന്നോയെന്നും അന്വേഷകസംഘം പരിശോധിക്കുന്നു. പ്രതികളുടെ ഫോൺവിളികൾ സംബന്ധിച്ചും വിശദ പരിശോധന നടത്തുന്നുണ്ട്‌. പ്രതികളുടെയും ഗൂഢാലോചനയിൽ ഉൾപ്പെട്ടതായി സൂചന ലഭിച്ചവരുടെയും ഫോൺവിവരം പരിശോധിച്ചശേഷം ഇവരുമായി ബന്ധപ്പെട്ടവരെയും ചോദ്യം ചെയ്യും. ക്രൈംബ്രാഞ്ച്‌ എസ്‌പി പ്രജീഷ്‌ തോട്ടത്തിലിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം. Read on deshabhimani.com

Related News