അട്ടപ്പാടിയിൽ ശിശുരോഗ ഐസിയു; വിദഗ്‌ധചികിത്സയ്‌ക്ക്‌ ചുരമിറങ്ങേണ്ടിവരില്ല: വീണാ ജോർജ്‌

അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജിനെ 
ആരോഗ്യപ്രവർത്തകർ സ്വീകരിക്കുന്നു അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജിനെ 
ആരോഗ്യപ്രവർത്തകർ സ്വീകരിക്കുന്നു -ഫോട്ടോ: പി വി സുജിത്


പാലക്കാട്‌> അട്ടപ്പാടിയിലെ ജനങ്ങൾക്ക്‌ വിദഗ്‌ധ ചികിത്സയ്‌ക്കായി  ചുരമിറങ്ങേണ്ട സാഹചര്യം ഒഴിവാക്കുമെന്ന്‌ മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ  ഗൈനക്കോളജി, ശിശുരോഗ വിഭാഗങ്ങളിൽ സീനിയർ ഡോക്‌ടർമാരുടെ സേവനം ഉറപ്പാക്കും.  ശിശുരോഗ ഐസിയുവും ആരംഭിക്കും. കോട്ടത്തറ ആശുപത്രി സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി. അട്ടപ്പാടിയിലെ 423 ഗർഭിണികളിൽ 218 പേർ ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരാണ്‌. അതിൽ 191പേർ ഹൈ റിസ്‌ക്‌ വിഭാഗത്തിലാണ്‌. ഇതിൽ ഓരോരുത്തരെയും വ്യക്തിപരമായി പരിഗണിച്ച്‌ പരിചരണം ഉറപ്പാക്കും. 2013 ൽ 44‐45 ആയിരുന്ന ശിശുമരണം 12 ആയി കുറച്ചു. ശിശുമരണം അവസാനിപ്പിക്കാൻ ദീർഘകാല പദ്ധതി നടപ്പാക്കും.   ജെപിഎച്ച്‌എൻ, ആശ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ഊരുകളിലെ വിദ്യാസമ്പന്നരായ യുവതികൾ എന്നിവരുടെ  കൂട്ടായ്‌മ രൂപീകരിക്കും. സ്‌ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യസംരക്ഷണത്തിന്റെ പ്രാഥമിക മേൽനോട്ടം ഈ കൂട്ടായ്‌മക്കാകും. അരിവാൾരോഗ ബാധിതരുടെ പട്ടിക തയ്യാറാക്കി നിരീക്ഷിക്കും. കോട്ടത്തറ ആശുപത്രിയിൽ പുതിയ അഞ്ച്‌ തസ്‌തിക അനുവദിച്ചിരുന്നു. അഞ്ചുമാസത്തിനിടെ നാലുകോടി രൂപ ആശുപത്രിക്കായി സർക്കാർ നൽകി. 10 കിടക്കകളുള്ള കുട്ടികളുടെ തീവ്ര പരിചരണ വിഭാഗം ശക്തമാക്കും. കോട്ടത്തറ ആശുപത്രിയുടെ റഫറൽ കേന്ദ്രമായി പാലക്കാട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയെ മാറ്റുമെന്നും മന്ത്രി അറിയിച്ചു. Read on deshabhimani.com

Related News