അട്ടപ്പാടി ചുരത്തിൽ പാറക്കെട്ടിൽനിന്ന് വീണ് കാട്ടാനക്കുട്ടി ചരിഞ്ഞു

അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവിൽ വീണ് ചരിഞ്ഞ കാട്ടാനക്കുട്ടി


അഗളി > അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവിന് മുകളിലെ പാറക്കെട്ടിൽനിന്ന്‌ റോഡിലേക്ക് വീണ് കുട്ടിയാന ചരിഞ്ഞു. അഞ്ച് വയസ്സ് തോന്നിക്കുന്ന പിടിയാനയുടെ ജഡം ചുരം ഒമ്പതാം വളവിനടുത്തുള്ള വെള്ളച്ചാട്ടത്തിനടുത്ത് തിങ്കൾ രാവിലെ യാത്രക്കാരാണ് ആദ്യം കണ്ടത്. മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്‌റ്റേഷനില്‍നിന്നും വനപാലകരെത്തി തുടർ നടപടി സ്വീകരിച്ചു. ക്രെയിനുപയോഗിച്ച് ജഡം വാഹനത്തില്‍ കയറ്റി ഫോറസ്റ്റ് സ്‌റ്റേഷനിൽ എത്തിച്ച് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. അസി. വെറ്ററിനറി സര്‍ജന്‍ ഡോ. ഡേവിഡ് അബ്രഹാമിന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ഡിഎഫ്ഒ എം കെ സുര്‍ജിത്, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍ സുബൈര്‍, ഫ്ലയിങ്‌ സ്ക്വാഡ് റേഞ്ച് ഓഫീസർ അബ്‌ദുൾ റസാഖ്, ഡെപ്യുട്ടി റേഞ്ചർ ആര്‍ രാജേഷ് കുമാര്‍, മണ്ണാര്‍ക്കാട്, അഗളി ആര്‍ആര്‍ടി അംഗങ്ങള്‍ തുടങ്ങിയവർ സ്ഥലത്തെത്തി. പാറക്കെട്ടുകള്‍ക്ക് മുകളില്‍നിന്ന് തെന്നി താഴേക്ക് വീണതാകാമെന്ന്‌ വനപാലകർ പറയുന്നു. ചരിഞ്ഞത് കുട്ടിയാനയായതിനാൽ പിടിയാനയും സംഘവും സ്ഥലത്തുണ്ടോയെന്ന സംശയത്തിൽ ദ്രുതപ്രതികരണ സേന ചുരത്തില്‍ പരിശോധന നടത്തി, കാട്ടാനയില്ലെന്ന് ഉറപ്പ് വരുത്തി. Read on deshabhimani.com

Related News