അട്ടപ്പാടി മധുവധക്കേസിൽ വിധി 30ന്



മണ്ണാർക്കാട്> അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ മണ്ണാർക്കാട് പട്ടികജാതി–- പട്ടികവർഗ പ്രത്യേക കോടതി 30ന്‌ വിധി പറയും. വെള്ളിയാഴ്ചയായിരുന്നു അന്തിമവാദം. തുടർന്ന് വിധി പറയുന്ന ദിവസം പ്രഖ്യാപിക്കാനായി കേസ് ശനിയാഴ്ച പരിഗണിച്ചു. സ്പെഷ്യൽ കോടതി ജഡ്‌ജി കെ എം രതീഷ്‌കുമാറാണ് വിധി പറയുക. എഴുതി പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടതിനാലാണ് 30ലേക്ക് മാറ്റിയത്. 2018 ഫെബ്രുവരി 22നാണ് മധു ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2022 ഏപ്രിൽ 28-ന്‌ മണ്ണാർക്കാട് എസ്‍സി, -എസ്ടി പ്രത്യേക കോടതിയിൽ വിചാരണ തുടങ്ങി.  16 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. വിസ്തരിച്ച 100 സാക്ഷികളിൽ 76 പേർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. 24 പേർ കൂറുമാറി. ഒരാള്‍ മരിച്ചു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഒഴിവാക്കി. വിചാരണ തുടങ്ങിയശേഷം പ്രോസിക്യൂട്ടർമാർ ചുമതലയേൽക്കാതിരുന്നതും പിന്നീട് ചുമതലയേറ്റ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് രാജേന്ദ്രനെ മാറ്റാൻ മധുവിന്റെ കുടുംബം ആവശ്യപ്പെട്ടതും ചർച്ചയായി. രാജേഷ് എം മേനോനാണ് നിലവിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. Read on deshabhimani.com

Related News