കുണ്ടറയിൽ പ്രതികളെ പിടിക്കാനെത്തിയ പോലീസിന് വടിവാൾ ആക്രമണം



കുണ്ടറ> മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ തിരശഞ്ഞടത്തിയ പൊലീസിന് നേരെ വടിവാൾ ആക്രമണം. കുണ്ടറയിൽ പ്രതികൾ ഒളിവിൽ കഴിഞ്ഞ വീട്ടിൽവെച്ചാണ് ഇൻഫോപാർക് പൊലിസിന് നേരെ ആക്രമണമുണ്ടായത്. അക്രമം തുടർന്നപ്പോൾ പൊലീസ് ആകാശത്തേക്ക് നാലുറൗണ്ട് വെടിയുതിർത്തു. കൊച്ചി സ്വദേശിയായ യുവാവിനെ അടൂരിലെ സർക്കാർ ഗസറ്റ് ഹൗസിൽ എത്തിച്ച് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ പടപ്പക്കര സ്വദേശികളെ അന്വേഷിച്ചാണ് കൊച്ചിൻ ഇൻഫോപാർക്ക് പോലീസ് കുണ്ടറയിൽ എത്തിയത്. സംഭവത്തിൽ  അടൂർ റസ്റ്റ് ഹൗസിൽ തെളിവെടുപ്പ് നടത്തിയ ശേഷമാണ് സംഘം കുണ്ടറയിൽ എത്തിയത്. പ്രതികളിൽ ഒരാളായ ലിബിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ പടപ്പക്കര കരിക്കുഴിയിലെ മാപ്പിളപ്പൊയ്കയിലെ ബന്ധു വീട്ടിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് സംഘം രാത്രി ഒരു മണിയോടെ വീട് വളയുകയായിരുന്നു. ബലം പ്രയോഗിച്ച് കതക് തുറന്ന ഉടനെ പ്രതികളായ ആൻറണി ദാസും ലിയോപ്ലാസിഡും പോലീസിന് നേരെ വാൾ വീശി ഇവരെ കീഴ്പ്പെടുത്താൻ പോലീസ് നടത്തിയ ശ്രമം വിജയിച്ചില്ല.  തുടർന്ന് സർക്കിൾ ഇൻസ്പെക്ടർ വിപിൻദാസ് ആകാശത്തേക്ക് നാല് റൗണ്ട് വെടി ഉതിർത്തു. ഈ സമയം പ്രതികൾ ഓടി കായലിൽ ചാടി രക്ഷപ്പെടുകയായിരുന്നു. ഇവർക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. ആൻറണി ദാസ് 20 ലധികം കേസുകളിൽ പ്രതിയാണെന്ന് പറയുന്നു. Read on deshabhimani.com

Related News