പ്രതിഷേധമെന്ന പേരില്‍ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത് ഭീകരപ്രവര്‍ത്തനം: ഇ പി



തിരുവനന്തപുരം> വിമാനത്തിനുള്ളില്‍ പ്രതിഷേധമെന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത് ഭീകരപ്രവര്‍ത്തനമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. മുഖ്യമന്ത്രിയെ ആക്രമിക്കുക എന്ന ലക്ഷ്യം മാത്രമാണ് അവര്‍ക്കുണ്ടായിരുന്നത്. മൂക്കറ്റം മദ്യപിച്ചിട്ടുണ്ടായിരുന്നു ഇവര്‍. എല്ലാ യാത്രക്കാരും സ്തംഭിച്ച് നില്‍ക്കുകയായിരുന്നു. കോറിഡോറില്‍ താന്‍ തടഞ്ഞില്ലായിരുന്നെങ്കില്‍ ഇവര്‍ അക്രമിക്കുമായിരുന്നു. വി ഡി സതീശന്‍ ഇതില്‍ മറുപടി പറയണം. അദ്ദേഹമാണ് ഇവര്‍ക്ക് പ്രചോദനം നല്‍കിയിട്ടുള്ളതെന്നും ജയരാജന്‍ ആരോപിച്ചു. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് സ്വസ്ഥമായി യാത്ര ചെയ്യാന്‍ സാധിക്കില്ലെന്ന സ്ഥിതി എന്താണ് വ്യക്തമാക്കുന്നത്? രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. 'കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു ഞങ്ങള്‍. വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തു. എല്ലാവരും ഇറങ്ങാന്‍ തയ്യാറായിരിക്കുന്ന സമയം രണ്ട് മൂന്ന് പേര്‍ ആക്രമിക്കാനുള്ള ലക്ഷ്യംവച്ച് മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം വിളിച്ച് പാഞ്ഞടുത്തു. അപ്പോഴേക്കും ഇടനാഴിയുടെ നടുവില്‍വച്ച് ഞാന്‍ തടഞ്ഞു. വയറുനിറയെ കള്ളുകുടിപ്പിച്ച് വിമാനത്തിനകത്ത് കയറ്റിവിട്ടിരിക്കുകയാണ് ഇവരെ. ഇതെന്ത് യൂത്ത് കോണ്‍ഗ്രസാണ്. ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണോ. ഭീകരപ്രവര്‍ത്തനമാണ് നടത്തികൊണ്ടിരിക്കുന്നത്. ഞങ്ങളാരും ആ വിമാനത്തില്‍ ഇല്ലായിരുന്നെങ്കില്‍ മുഖ്യമന്ത്രിയെ ആക്രമിക്കില്ലായിരുന്നോ?.. അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ കാര്യമാണിത്' - ഇ പി പറഞ്ഞു     Read on deshabhimani.com

Related News