ജനകീയ കൂട്ടായ്‌മ ശക്തമാക്കാൻ എൽഡിഎഫ്‌ ; ബൂത്തുതല കമ്മിറ്റികൾക്ക്‌ പുറമെ പ്രത്യേക പ്രചാരണ സംവിധാനവും



നിയമസഭാ തെരഞ്ഞെടുപ്പിൽ വികസനം, ക്ഷേമം, ഭരണത്തുടർച്ച എന്നിവയിലൂന്നിയുള്ള ജനകീയ കൂട്ടായ്‌മ ശക്തമാക്കുന്ന പ്രചാരണങ്ങൾക്ക്‌ എൽഡിഎഫ്‌ തുടക്കം കുറിച്ചു. ബൂത്തുതല കമ്മിറ്റികൾക്ക്‌ പുറമെ പ്രത്യേക പ്രചാരണ സംവിധാനവും രൂപീകരിക്കും. ബൂത്ത്‌  കമ്മിറ്റി രൂപീകരണം 31നുള്ളിൽ പൂർത്തിയാകും. മണ്ഡലം തലത്തിലുള്ള കമ്മിറ്റികളും ഇതോടൊപ്പം നിലവിൽ വരും. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും  മുന്നേറ്റമുണ്ടാക്കിയ സ്ഥലങ്ങളുണ്ടോയെന്ന്‌ പ്രത്യേകം കണ്ടെത്തും. അവിടുത്തെ വീഴ്ച പരിശോധിച്ച്  തിരുത്തും.  എല്ലാരീതിയിലും പഴുതടച്ച ക്രമീകരണമാണ് വരുന്നതെന്ന്  എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും കേന്ദ്ര ഏജൻസികളും ഒരു വിഭാഗം മാധ്യമങ്ങളും ചേർന്ന ആക്രമണമായിരുന്നു എൽഡിഎഫ് നേരിട്ടത്.  ഇതിന്‌ പുറമെ കടുത്ത വർഗീയനീക്കങ്ങളും  യുഡിഎഫ് നടത്തി.  ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഈ ചേരുവ നിയമസഭാ തെരഞ്ഞെടുപ്പിലും കൂടുതൽ ശക്തിയായി രംഗത്ത് ‌വരുമെന്ന സൂചന പുറത്തുവന്നിട്ടുണ്ട്‌. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിളക്കത്തിന്റെ ആവേശം ചോരാതെയും ജനങ്ങളുമായി കൂടുതൽ അടുത്തിടപഴകിയുമുള്ള പ്രചാരണ തന്ത്രമായിരിക്കും എൽഡിഎഫിന്റെത്.  വികസനം, ക്ഷേമം എന്നിവയ്‌ക്കൊപ്പം ഭരണത്തുടർച്ചയെന്ന വികാരവും ജനങ്ങളിൽ ശക്തമാണ്‌. സംസ്ഥാന ബജറ്റ്‌ ഇതിന്‌ ആക്കം കൂട്ടിയിട്ടുമുണ്ട്‌.  നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ മുന്നോടിയായി സിപിഐഎം പ്രവർത്തന ഫണ്ട്‌ ശേഖരണം ഈ മാസം 30, 31 തീയതികളിൽ നടക്കും.  തെരഞ്ഞെടുപ്പ്‌ വിജയത്തിന്റെ അനിവാര്യതയും എൽഡിഎഫിന്റെ മതനിരപേക്ഷ രാഷ്‌ട്രീയവും ഫണ്ട്‌ ശേഖരണപ്രവർത്തനങ്ങളിൽ ചർച്ചയാകും. Read on deshabhimani.com

Related News