ജീവനക്കാരെ ഒഴിവാക്കാൻ ഏഷ്യാനെറ്റ്‌ വ്യാജ രേഖ ചമച്ചു



തിരുവനന്തപുരം> വിരമിക്കൽ പ്രായം 55 ആണെന്ന്‌ പറഞ്ഞ്‌ ജീവനക്കാരെ ഒഴിവാക്കിയശേഷം അവർ രാജിവച്ച്‌ ഒഴിഞ്ഞതാണെന്ന്‌ കാണിച്ച്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനൽ സ്വന്തം ജീവനക്കാർക്കെതിരെ വ്യാജ രേഖ ചമച്ചു. 2021–- 22 വർഷം വിരമിച്ച 12 പേരെയാണ്‌ പെൻഷൻ ആനുകൂല്യങ്ങൾക്ക്‌ പോലും അർഹതയില്ലാത്ത വിധം ഒഴിവാക്കിയത്‌. ഇവരിൽ രണ്ടു പേർ രാജിവച്ചതാണെന്ന്‌ കാണിക്കാൻ അവരുടെ വ്യാജ ഒപ്പിട്ട്‌ രാജിക്കത്ത്‌ ഉൾപ്പടെ തയ്യാറാക്കുകയും ചെയ്‌തു. 1995 ഡിസംബർ 30ന്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനൽ ആരംഭിച്ചപ്പോൾ അവതരിപ്പിച്ച ആദ്യ വാർത്ത തയ്യാറാക്കിയ സംഘത്തിലെ ക്യാമറാമാൻ കെ പി രമേശ്‌ ഉൾപ്പെടെയുള്ളവരെയാണ്‌ കാൽനൂറ്റാണ്ടിലേറെ ജോലി ചെയ്‌തശേഷം കബളിപ്പിച്ച്‌ പുറത്താക്കിയത്‌. 2021–- 22 വർഷത്തിൽ ക്യാമറ, ഗ്രാഫിക്‌സ്‌, എഡിറ്റിങ്‌ വിഭാഗങ്ങളിലെ 12 പേരെയാണ്‌ വിരമിക്കൽ പ്രായം 55 ആണെന്ന്‌ കാണിച്ച്‌ ഒഴിവാക്കിയത്‌. സ്ഥാപനത്തിലെ വിരമിക്കൽ പ്രായം അനുസരിച്ച്‌ അവർ പടിയിറങ്ങുകയും ചെയ്‌തു. എന്നാൽ പെൻഷൻ, എംപ്ലോയിമെന്റ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ എന്നിവയ്‌ക്ക്‌ അവസാന മാസം ശമ്പളം വാങ്ങുന്ന സ്ലിപ്‌ ആവശ്യമായി വന്നപ്പോഴാണ്‌ ആയുസിന്റെ ഏറിയഭാഗവും ചെലവഴിച്ച സ്ഥാപനത്തിന്റെ ചതി  ബോധ്യപ്പെട്ടത്‌. ക്യാമറ വിഭാഗത്തിലെ ജോസ്‌ അഗസ്‌റ്റിൻ, ബി ശശികുമാർ (അയ്യപ്പൻ) എന്നവർ രാജിക്കത്ത്‌ നൽകിയെന്നും അതിന്റെ അടിസ്ഥാനത്തിൽ രാജിവയ്‌ക്കാൻ അനുവദിച്ചുവെന്നുമാണ്‌ രേഖയിൽ. ഇങ്ങനെയൊരു രാജിക്കത്ത്‌ ഇരുവരും നൽകിയിട്ടില്ല.  ഇരുവരും എച്ച്‌ ആർ വിഭാഗത്തിൽ പരാതി നൽകിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. തുടർന്നാണ്‌ ജില്ലാ ലേബർ ഓഫീസറെ സമീപിച്ചത്‌. രണ്ടുപേരുടെ വ്യാജ രാജിക്കത്ത്‌ ഇരുവർക്കും ലഭിച്ചുവെന്ന്‌ ബോധ്യപ്പെട്ടതോടെ ബാക്കി 10 പേർക്ക്‌ സ്വയം പരിഞ്ഞുപോയി എന്നാണ്‌ രേഖ. പരാതിയുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്‌ച ഹിയറിങിന്‌ ഹാജരാകാൻ ചാനൽ അധികൃതർക്ക്‌  ലേബർ ഓഫീസർ നോട്ടീസ്‌ അയച്ചെങ്കിലും എത്തിയില്ല. കൂടുതൽ സമയം അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അവസാന നിമിഷം കത്ത്‌ നൽകിയിട്ടുണ്ട്‌. ചെറിയ തട്ടുകടയിൽപോലും തൊഴിൽ പ്രശ്‌നമുണ്ടായാൽ പ്രൈംടൈമിൽ ചർച്ച നടത്തുന്ന ചാനലിന്റെ വാർത്താ വിഭാഗത്തിലുള്ളവർ സ്വന്തം സ്ഥാപനത്തിലെ  സഹപ്രവർത്തകർക്ക്‌ നേരിട്ട ദുരിതത്തിൽ മാനസികമായ പിന്തുണ നൽകാൻപോലും തയ്യാറായിട്ടില്ല.   Read on deshabhimani.com

Related News