ഏഷ്യാനെറ്റിന്റേത്‌ പ്രേക്ഷകനെ തെറ്റിധരിപ്പിക്കുന്ന റിപ്പോർട്ട്‌; ജേർണലിസമെന്ന്‌ പറയാൻ കഴിയില്ലെന്ന്‌ മീഡിയവൺ



കൊച്ചി > പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച്‌ വ്യാജ വീഡിയോ നിർമിച്ച സംഭവത്തിൽ ഏഷ്യാനെറ്റ്‌ ന്യൂസിനെ വിമർശിച്ച്‌ മീഡിയവൺ ചാനൽ. ചാനലിന്റെ എഡിറ്റർമാർ വാർത്താ വിശകലനം നടത്തുന്ന പരിപാടിയായ ഔട്ട്‌ ഓഫ്‌ ഫോക്കസിലാണ്‌ വിമർശനം. ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചെയ്‌തത്‌ പ്രേക്ഷകനെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യമാണെന്നും, ഇത്‌ ജേർണലിസമെന്ന്‌ പറയാൻ കഴിയില്ലെന്നും പരിപാടിയിൽ വ്യക്തമാക്കുന്നുണ്ട്‌. ജേർണലിസത്തിൽ ഒരു എത്തിക്‌സ്‌ ഉണ്ട്‌. അതിൽ പ്രധാനപ്പെട്ട കാര്യം പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാതെ ഇരിക്കുക എന്നതാണ്‌. ഏഷ്യാനെറ്റ്‌ വാർത്ത കാണുന്ന പ്രേക്ഷകൻ തെറ്റിദ്ധരിപ്പിക്കപ്പെടുകയാണ്‌. മീഡിയ വൺ ലേഖകൻ സുനിൽ ഐസക്‌ മുംബൈ സ്വദേശിനിയുടെ ബൈറ്റ്‌ എടുത്ത്‌ ചെയ്‌ത സ്‌റ്റോറി കുറച്ച്‌ ദിവസങ്ങൾക്ക്‌ ശേഷം ഏഷ്യാനെറ്റിന്റെ മറ്റൊരു ലേഖിക അതേ കുട്ടിയുടെ ബൈറ്റ്‌ വച്ച്‌ ചെയ്യുകയായിരുന്നു. കുറേ നാളുകൾക്ക്‌ ശേഷം ഇവരുടെ പ്രത്യേക സ്വഭാവത്തിലുള്ള റോവിങ്‌ റിപ്പോർട്ടർ എന്ന പരിപാടിയുടെ ഭാഗമായി ഇതേ കഥാപാത്രത്തെ മറ്റൊരു പശ്‌ചാത്തലത്തിൽ അവതരിപ്പിച്ചു. മറ്റൊരാളെ ഇരുത്തി പഴയ സ്‌റ്റോറിയിലെ ശബ്‌ദം സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച്‌ മാറ്റി ഉപയോഗിച്ചു. ശബ്‌ദത്തിന്റെ പശ്‌ചാത്തലത്തിൽ മറ്റൊരു പെൺകുട്ടിയെ മുഖംതിരിച്ച്‌ ഇരുത്തി അവതരിപ്പിക്കുന്നു. ഇത്‌ തീർച്ചയായിട്ടും തെറ്റിധരിപ്പിക്കലാണ്‌. ജേർണലിസമെന്ന്‌ പറയാനേ പറ്റില്ല. ജേർണലിസത്തിന്റെ അടിസ്ഥാന സ്വഭാവംപോലും അതിനില്ല. പുനർനിർമാണം ആണെങ്കിൽ അത്‌ എഴുതിക്കാണിക്കാം. അത്‌ ചെയ്‌തിട്ടില്ല. അങ്ങനെ ചെയ്‌താൽ ആളുകൾക്ക്‌ മനസിലാകും മുൻപ്‌ നടന്നൊരു സംഭവത്തെ വീണ്ടും അവതരിപ്പിക്കുകയാണെന്ന്‌. ഇത്‌ കാണുന്ന ഒരാൾ മനസിലാക്കുന്നത്‌ നേരത്തെ നടന്നപോലെ സമാനമായ ഒരു സംഭവം മറ്റൊരു പെൺകുട്ടിക്ക്‌ ഉണ്ടായിരിക്കുന്നു എന്നാണ്‌. ഒരേ സംഭവം രണ്ട്‌ പെൺകുട്ടികൾക്ക്‌ ഉണ്ടായിരിക്കുന്നു എന്ന്‌ പ്രേക്ഷകൻ തെറ്റിധരിപ്പിക്കപ്പെടുകയാണ്‌. ഇത്‌ കാണുന്ന സർക്കാർ സ്ഥാപനങ്ങൾ കണ്ണൂരിൽ സമാന സാഹചര്യത്തിൽ രണ്ട്‌ കുട്ടികൾ പീഡിപ്പിക്കപ്പെട്ടിരിക്കുന്നു എന്നാണ്‌ മനസിലാക്കുക. സമൂഹത്തെ ഭയപ്പെടുത്തുകയും സർക്കാർ സ്ഥാപനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന കാര്യമാണിത്. പ്രേക്ഷകനെയും തെറ്റിദ്ധരിപ്പിക്കുന്നു. ഇത്‌ ജേർണലിസമെന്ന്‌ പറയാനേ കഴിയില്ലെന്നും ഔട്ട്‌ ഓഫ്‌ ഫോക്കസ്‌ വിശദമാക്കുന്നു. Read on deshabhimani.com

Related News