ശ്രദ്ധകിട്ടാന്‍ ദേശാഭിമാനിയുടെ പേരില്‍ ബഹളം; കാലം മാറിയിട്ടും ഏഷ്യാനെറ്റ് ഉപേക്ഷിക്കാത്ത പാത



തിരുവനന്തപുരം > രാഷ്ട്രീയവിരോധത്തിന്റെ പേരിൽ ദേശാഭിമാനിയെയും തിരുവനന്തപുരം ബ്യൂറോ ചീഫിനെയും അപകീർത്തിപ്പെടുത്താൻ വ്യാപക ശ്രമം. ഏഷ്യാനെറ്റ്‌ ന്യൂസ്‌ വ്യാഴാഴ്‌ച രാത്രിയിൽ തുടങ്ങിവച്ച അധിക്ഷേപ പ്രചാരണം ചില ഓൺലൈൻ ചാനലുകളും ഏറ്റെടുത്തു. സമൂഹമാധ്യമങ്ങളിലും ഏഷ്യാനെറ്റ്‌ ചർച്ചയുടെ ദൃശ്യം വ്യാപകമായി പ്രചരിപ്പിച്ചു. ജനപ്രതിനിധികളെയും മന്ത്രിമാരെയും പരാമർശിക്കുമ്പോൾ ‘മാന്യമായ ഭാഷ ഉപയോഗിക്കണ’ മെന്ന സന്ദേശത്തെ ‘ഭീഷണി’യെന്ന്‌ വ്യാഖ്യാനിച്ചായിരുന്നു അധിക്ഷേപം. ശ്രദ്ധിക്കപ്പെടാൻ അവതാരകർ നടത്തുന്ന സൂത്രവിദ്യയാണ്‌ അധിക്ഷേപിച്ചും ഒച്ചവച്ചും ആളെ കൂട്ടുകയെന്നത്‌. ഇത്തരം ബഹളത്തിന്റെ കാലം അവസാനിച്ചെങ്കിലും ഏഷ്യനെറ്റിലെ വിനു വി ജോൺ അടക്കമുള്ളവർ ഈ പാത പിന്തുടരുന്നു. വ്യാഴാഴ്‌ച ചർച്ചയിൽ നിയമസഭാ കേസുമായി ബന്ധപ്പെട്ട്‌ മന്ത്രി വി ശിവൻകുട്ടിയെ അവതാരകൻ മോശമായി പരാമർശിച്ചു. ഇത്‌ ചൂണ്ടിക്കാട്ടി ദേശാഭിമാനി ബ്യൂറോ ചീഫ്‌ കെ ശ്രീകണ്ഠൻ അയച്ച സന്ദേശം ചർച്ചയിൽ വായിക്കുകയും ‘ഭീഷണി’പ്പെടുത്തിയെന്ന്‌ വിലപിക്കുകയുമായിരുന്നു. എന്നാൽ, ഏഷ്യാനെറ്റുപോലും ‘ഭീഷണി’ വാർത്തയാക്കിയില്ല. മാതൃഭൂമി ചാനലിന്റെ പ്രവർത്തകനെക്കൂടി ആക്ഷേപിക്കാനും ഈ അവസരം ഏഷ്യാനെറ്റ്‌  ഉപയോഗിച്ചു. എൽഡിഎഫ്‌ സർക്കാരിനുനേരെയും  അധിക്ഷേപം ചൊരിഞ്ഞു. സൗഹൃദത്തിന്റെ പേരിൽ മാധ്യമപ്രവർത്തകർ പരസ്‌പരം അയക്കുന്ന സന്ദേശങ്ങളെ ദുരുപയോഗിക്കുകയായിരുന്നു ഏഷ്യാനെറ്റ്‌ അവതാരകൻ. യുഡിഎഫിനും സംഘപരിവാറിനും വേണ്ടി തെറിയഭിഷേകം നടത്തിവരുന്ന ഓൺലൈൻ ചാനലുകൾക്കടക്കം വീഡിയോ കൈമാറി. മന്ത്രിയായിരുന്ന കെ ടി ജലീലിന്റെ സന്ദേശം മുമ്പ്‌ ചർച്ചയിൽ വായിച്ചും സ്വയം ഇളിഭ്യനായ ചരിത്രമുണ്ട്‌ ഈ അവതാരകന്‌.  സ്‌പീക്കർ ഓഫീസിലെ പ്യൂൺ ആയിരിക്കാൻപോലും ശ്രീരാമകൃഷ്‌ണന്‌ യോഗ്യതയില്ലെന്നായിരുന്നു ഇദ്ദേഹത്തിന്റെ മറ്റൊരു അധിക്ഷേപം. കിട്ടുന്ന അവസരങ്ങളിലെല്ലാം ഏഷ്യാനെറ്റും അവതാരകനും ഇടതുപക്ഷത്തെ ആക്രമിക്കുക പതിവാക്കിയിരിക്കയാണ്‌. Read on deshabhimani.com

Related News