ദേശാഭിമാനിക്കെതിരെയും വ്യാജവാർത്ത: സ്വന്തം വാർത്ത നിഷേധിച്ചുവെന്ന്‌ കഥ



ഒഞ്ചിയം> വാർത്താനിർമിതിയുടെ കൂടുതൽ കഥകൾ പുറത്തുവരുന്നതിനിടെ ‘സ്വന്തം വാർത്ത ദേശാഭിമാനി തന്നെ നിഷേധിച്ചുവെന്ന്‌’ കഥയിറക്കുകയാണ്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌. എന്നാൽ അഴിയൂരിൽ പതിമൂന്നുകാരിയെ മയക്കുമരുന്ന് കാരിയറാക്കിയെന്ന്‌ ആരോപിക്കപ്പെട്ട  കേസിൽ, പരാതിയും അന്വേഷണവും അവലംബിച്ചുള്ള വാർത്തയാണ്‌ ദേശാഭിമാനി പ്രസിദ്ധീകരിച്ചത്‌. പ്രതിയുടെയോ പെൺകുട്ടിയുടെയോ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന വസ്‌തുതകളൊന്നും പരാമർശിക്കാതെയായിരുന്നു വാർത്ത. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തിയായിരുന്നു തുടർവാർത്തകളും. ഈ കേസിൽ  കുറ്റാരോപിതനായ വിദ്യാർഥി നിരപരാധിയാണെന്ന്‌ വ്യക്തമായതോടെ ഇത്‌ വ്യക്തമാക്കി വാർത്തയും നൽകി. ഈ മാധ്യമ ധാർമികതയാണ്‌ ‘സ്വന്തം വാർത്ത ദേശാഭിമാനി തന്നെ നിഷേധിച്ചുവെന്ന്‌’ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഇപ്പോൾ കഥയിറക്കിയത്‌. യഥാർഥത്തിൽ അഴിയൂരിൽ പതിമൂന്നുകാരിയെ മയക്കുമരുന്ന് കാരിയറാക്കിയെന്ന്‌ ആരോപിക്കപ്പെട്ട  ഈ കേസും ഏഷ്യാനെറ്റ്‌ സ്‌റ്റുഡിയോയിൽ പിറന്ന കെട്ടുകഥയാണ്‌. ഇരയുടെയും കുറ്റാരോപിതനായ വിദ്യാർഥിയുടെയും സ്വകാര്യത  മാനിക്കാതെയാണ്‌  ഏഷ്യാനെറ്റ്‌ നിരന്തരം വാർത്ത അവതരിപ്പിച്ചത്‌.   പെൺകുട്ടിയെ ലൈവായി വാർത്തയിൽ അവതരിപ്പിച്ചു.  പൊതുസമൂഹത്തിന്‌ തിരിച്ചറിയാനാവുന്ന വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തി. ഇരയെ തിരിച്ചറിയുന്ന എന്തും പുറത്തുവിടുന്നത്‌ കുറ്റകരമാണെന്നിരിക്ക ഏഷ്യാനെറ്റ്‌ ഇതെല്ലാം ഘംഘിച്ചു. കുറ്റാരോപിതന്റെ ചിത്രം ഉൾപ്പെടെ നിരവധി തവണ പുറത്തുവിട്ടു. തുടർന്ന്‌ പൊലീസും ബാലാവകാശ കമീഷനും നടത്തിയ അന്വേഷണത്തിൽ പരാതി ബാഹ്യതാൽപ്പര്യങ്ങളോടെ സൃഷ്ടിച്ചതെന്ന വസ്‌തുതയിലേക്കാണ്‌  വിരൽ ചൂണ്ടുന്നത്‌. പരാതിയിൽ സംശയമുള്ളതിനാൽ ചില ഓൺലൈൻ മാധ്യമങ്ങൾ ഒഴികെ  മറ്റ്‌ മാധ്യമങ്ങൾ ആദ്യ ദിവസങ്ങളിൽ വാർത്ത കൊടുത്തിരുന്നില്ല,  എന്നാൽ വാർത്തയെ ഭീകരമായി അവതരിപ്പിച്ചത്‌ ഏഷ്യാനെറ്റാണ്‌. ചില താൽപ്പര്യങ്ങളുടെ  പേരിലുള്ള പരാതിയെ നിറം കലർത്തി അവതരിപ്പിക്കുകയായിരുന്നു ഏഷ്യാനെറ്റ്‌. പ്രതിഭാഗത്തിന്റെ വിശദീകരണമായി ഒരു വരിപോലും ഏഷ്യാനെറ്റ്‌ പരാമർശിച്ചില്ല. അനേകം കുടുംബങ്ങളെയും സ്‌കൂളിനെയും കോളേജിനെയും അപകീർത്തിപ്പെടുത്തുന്നതായിരുന്നു ഏഷ്യാനെറ്റിന്റെ വാർത്താ പരമ്പര. സ്‌കൂൾ പിടിഎയുമായി ബന്ധപ്പെട്ട ചില തർക്കങ്ങളുടെ പേരിൽ സ്‌കൂളിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണെന്നും സംശയമുണ്ട്‌.  ഇക്കാര്യം ഉൾപ്പെടെ ഉന്നയിച്ച്‌ സ്‌കൂൾ പിടിഎ മുഖ്യമന്ത്രിക്ക്‌ പരാതിനൽകിയിട്ടുണ്ട്‌. Read on deshabhimani.com

Related News