മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ ആര്യാടൻ മുഹമ്മദ്‌ അന്തരിച്ചു



കോഴിക്കോട്‌ > മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ്‌ (87) അന്തരിച്ചു. രാവിലെ 7.40 ന്‌ കോഴിക്കോടായിരുന്നു അന്ത്യം. ഒരാഴ്‌ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കബറടക്കം തിങ്കൾ രാവിലെ 9 ന് നിലമ്പൂരിൽ. 1935 മേയ് 15 ന്‌ നിലമ്പൂരിലാണ്‌ ജനനം. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. കോൺഗ്രസ് അംഗമായി 1952-ലാണ്‌ രാഷ്ട്രീയപ്രവേശനം. 1958 മുതൽ കെപിസിസി അംഗമാണ്‌. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്. 1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിൽ നിലമ്പൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980-82 കാലത്ത് ഇ കെ നായനാർ മന്ത്രിസഭയിലെ തൊഴിൽ, വനം മന്ത്രിയായിരുന്നു. ഒമ്പതാം നിയമസഭയിലെ എ കെ ആന്റണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം മന്ത്രിയായും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ (2004-06) വൈദ്യുതിമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് നേതാക്കളെയും ലീഗ് നിലപാടുകളെയും എതിർക്കുക വഴി പലപ്പോഴും മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിയാണ് ആര്യാടൻ മുഹമ്മദ്‌. ഭാര്യ: പി വി മറിയുമ്മ. മക്കൾ: അൻസാർ ബീഗം, ഷൗക്കത്ത് (നിലമ്പൂർ സഹകരണ അർബൻ ബാങ്ക് ചെയർമാൻ, കെപിസിസി സംസ്‌കാര സാഹിതി അധ്യക്ഷൻ), കദീജ, ഡോ. റിയാസ് അലി (പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് അസ്ഥി രോഗ വിദഗ്‌ദൻ). മരുമക്കൾ: ഡോ. ഹാഷിം ജാവേദ് (ശിശുരോഗ വിദഗ്‌ദ‌ൻ, മസ്‌കറ്റ്), മുംതാസ് ബീഗം, ഡോ. ഉമ്മർ (കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്‌പിറ്റൽ, ന്യൂറോളജിസ്റ്റ്), സിമി ജലാൽ. ‍ പ്രഗത്ഭനായ പാർലമെന്റെറിയനും കഴിവുറ്റ ഭരണാധികാരിയുമായിരുന്നു അദ്ദേഹമെന്ന്‌ മന്ത്രി കെ രാധാകൃഷ്‌ണൻ അനുസ്‌മരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപെടുത്തുന്നു. ഒപ്പം  കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു. ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ നിയമസഭാ സ്‌പീക്കർ എ എൻ ഷംസീർ അനുശോചിച്ചു. ശ്രദ്ധേയനായ നിയമസഭാ സാമാജികൻ എന്ന നിലയിലും  മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിന് മുൻപന്തിയിൽ നിന്ന വ്യക്തി എന്ന നിലയിലും  അദ്ദേഹം വളരെയേറെ ശ്രദ്ധേയനായിരുന്നു. ജനകീയനായ നേതാവായിരുന്നു ആര്യാടൻ മുഹമ്മദ്. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടേയും, സുഹൃത്തുക്കളുടേയും,  പാർട്ടി പ്രവർത്തകരുടേയും ദു:ഖത്തിൽ പങ്കുചേരുന്നതായും സ്‌പീക്കർ കുറിപ്പിൽ പറഞ്ഞു. Read on deshabhimani.com

Related News